European Football Foot Ball Top News

ലാലിഗയിൽ റയൽ മാഡ്രിഡിനെ പൊട്ടിച്ച് വയ്യേക്കാനോ.!

November 8, 2022

author:

ലാലിഗയിൽ റയൽ മാഡ്രിഡിനെ പൊട്ടിച്ച് വയ്യേക്കാനോ.!

ലാലിഗയിൽ നിലവിലെ ചാംപ്യൻമാരായ റയൽ മാഡ്രിഡിന് തോൽവി. റയോ വയ്യേക്കാനോയാണ് സ്വന്തം മൈതാനത്ത് സന്ദർശകരായ റയലിനെ പൊട്ടിച്ചുവിട്ടത്. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് റയൽ തോൽവി സമ്മതിച്ചത്. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ആതിഥേയർ തന്നെയായിരുന്നു. 5ആം മിനിറ്റിലാണ് ആദ്യ ഗോളിൻ്റെ പിറവി. ഫ്രാൻസിസ്കോ ഗാർഷ്യയുടെ ക്രോസിൽ നിന്നും ഒരു ചെറിയ വോളിയിലൂടെ സാൻ്റി കൊമെസാനയാണ് തിബോ കോർട്ടുവയെ മറികടന്നത്. സ്കോർ 1-0. തുടർന്ന് 37ആം മിനിറ്റിൽ റയൽ ഇതിന് മറുപടി നൽകി. മാർക്കോ അസൻസിയോയെ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനൽറ്റി വിധിക്കുകയായിരുന്നു. മോഡ്രിച്ചിന് പിഴച്ചില്ല. സ്കോർ 1-1. അവിടം കൊണ്ടും തീർന്നില്ല 3 മിനിറ്റിന് ശേഷം മിലിറ്റാവോയിലൂടെ റയൽ മത്സരത്തിൽ ലീഡും നേടി. മാർക്കോ അസൻസിയോ എടുത്ത കോർണറിൽ നിന്നും ഒരു തകർപ്പൻ ഹെഡ്ഡറിലൂടെയാണ് താരം വലകുലുക്കിയത്. എന്നാൽ ഇതിനുള്ള മറുപടി വയ്യേക്കാനൊ അധികം വൈകിപ്പിച്ചില്ല. 44ആം മിനിറ്റിൽ അൽവാരോ ഗാർഷ്യ ആതിഥേയരെ ഒപ്പമെത്തിച്ചു. പാലസോണിൻ്റെ പാസിൽ നിന്നും ഒരു ബുള്ളറ്റ് ഷോട്ടിലൂടെയാണ് അൽവാരോ ഗോൾ നേടിയത്. അങ്ങനെ ആദ്യപകുതി 2-2 എന്ന നിലയിൽ അവസാനിച്ചു.

തുടർന്ന് 2ആം പകുതിയിൽ 67ആം മിനിറ്റിൽ വയ്യേക്കാനോയ്ക്ക് അനുകൂലമായി പെനൽറ്റി. ബോക്സിനുള്ളിൽ കാർവഹാളിൻ്റെ കയ്യിൽ പന്ത് തട്ടിയതിനാണ് വാറിൻ്റെ സഹായത്തോടെ റഫറി പെനൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയത്. വയ്യേക്കാനോ ആദ്യം എടുത്ത കിക്ക് കോർട്ടുവാ തടുത്ത് ഇട്ടതാണ്. എന്നാൽ കിക്കിന് മുമ്പ് കോർട്ടുവ ഗോൾലൈനിന് മുന്നിലേക്ക് കടന്നതിനാൽ വയ്യേക്കാനോയ്ക്ക് വീണ്ടും കിക്ക് നൽകി. രണ്ടാമത്തെ കിക്കിൽ കോർട്ടുവയെ നിസ്സഹായനാക്കി ഓസ്കാർ ട്രെജോ ആതിഥേയരെ മുന്നിലെത്തിച്ചു. തുടർന്നുള്ള സമയം ഒപ്പമെത്താനായി റയൽ പരിശ്രമിച്ചെങ്കിലും വയ്യേക്കാനോ അതിനെല്ലാം തടയിട്ടു. ഒടുവിൽ 3-2 എന്ന സ്കോറിന് നിലവിലെ ചാമ്പ്യന്മാർ റയോ വയ്യേക്കാനോയ്ക്ക് മുന്നിൽ അടിയറവ് പറയുകയായിരുന്നു. ഫ്രഞ്ച് സൂപ്പർതാരം കരീം ബെൻസീമയുടെ കുറവ് മത്സരത്തിൽ നിഴലിച്ചിരുന്നു. വെറും 2 ഷോട്ടുകൾ മാത്രമാണ് വയ്യേക്കാനോ പോസ്റ്റിലേക്ക് റയലിന് അടിക്കാൻ ആയത്. സത്യത്തിൽ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തത് വയ്യേക്കാനോ തന്നെയായിരുന്നു. അർഹിച്ച വിജയം തന്നെയാണ് ആതിഥേയർ നേടിയത്. ഈയൊരു തോൽവിയോടെ 13 മത്സരങ്ങളിൽ നിന്നും 32 പോയിൻ്റ് നേടിയ റയൽ ബാർസയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാർ ആയിത്തന്നെ തുടരുകയാണ്. അത്രയും മത്സരങ്ങളിൽ നിന്നും 21 പോയിൻ്റ് നേടിയ വയ്യേക്കാനോ വിയ്യറയലിനെ മറികടന്ന് 8ആം സ്ഥാനത്തേക്ക് കയറി.

Leave a comment