European Football Foot Ball Top News

വമ്പന്മാരുടെ പോരാട്ടത്തിൽ ഇൻ്റെറിനെ വീഴ്ത്തി യുവൻ്റസ്.!

November 7, 2022

author:

വമ്പന്മാരുടെ പോരാട്ടത്തിൽ ഇൻ്റെറിനെ വീഴ്ത്തി യുവൻ്റസ്.!

സീരി എയിലെ 2 കരുത്തന്മാർ ഏറ്റുമുട്ടിയ മത്സരത്തിൽ ഇൻ്റർ മിലാനെ സ്വന്തം കാണികൾക്ക് മുന്നിൽ കീഴടക്കി യുവൻ്റസ്. എതിരില്ലാത്ത 2 ഗോളുകൾക്കാണ് അലഗ്രിയുടെ പട്ടാളം വിജയക്കൊടി പാറിച്ചത്. സമീപകാലത്ത് മോശം ഫോമിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന യുവെയ്ക്ക് ആത്മവശ്വാസം തിരികെ പിടിക്കുവാൻ ഈയൊരു വിജയംകൊണ്ടു കഴിഞ്ഞു. ആദ്യപകുതി ഗോൾരഹിതമായിരുന്നു. ഇൻ്റെറിന് ഗോൾ നേടാൻ തക്കവണ്ണം മികച്ച ഒരുപിടി അവസരങ്ങൾ ലഭിച്ചെങ്കിലും അവയൊന്നും മുതലാക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇൻ്റെറിന് തന്നെയായിരുന്നു ആദ്യ പകുതിയിൽ ആധിപത്യം. തുടർന്ന് രണ്ടാംപകുതി ആരംഭിച്ച് 52ആം മിനിറ്റിൽ തന്നെ അഡ്രിയാൻ റാബിയോട്ടിലൂടെ ആതിഥേയർ ലീഡ് നേടി. ഇൻ്റർ എടുത്ത കോർണർ കിക്കിൽ നിന്നും തട്ടിയെടുത്ത പന്ത് യുവേ കൗണ്ടർ ആക്കി മാറ്റി. പന്തുമായി മുന്നേറിയ കോസ്റ്റിച്ച് ഇൻ്റർ ബോക്സിൽ എത്തിയപ്പോൾ പന്ത് റാബിയോട്ടിന് കൈമാറി. താരത്തിൻ്റെ ഫസ്റ്റ്ടൈം ഷോട്ട് ഇൻ്റർ ഗോളി ഒനാനയെ മറികടന്ന് വലയിൽ. സ്കോർ 1-0. ഇതിന് പുറമെ 64ആം മിനിറ്റിൽ യുവൻ്റസ് ഡാനിലോയിലൂടെ ഒരു ഗോൾ കൂടി നേടിയെങ്കിലും വാർ പരിശോധനയിൽ അത് താരത്തിൻ്റെ കയ്യിൽ തട്ടിയത്തിനാൽ ഗോൾ അനുവദിച്ചില്ല.

തുടർന്ന് പുരോഗമിച്ച മത്സരത്തിൽ ഒടുവിൽ 84ആം മിനിറ്റിൽ യുവതാരം നിക്കോളോ ഫഗിയോളിയിലൂടെ യുവൻ്റസ് ലീഡ് ഇരട്ടിയാക്കി. ഇതിന് വഴിയൊരുക്കിയതും കോസ്‌റ്റിച്ച് തന്നെയായിരുന്നു. താരത്തിൻ്റെ ക്രോസ്സ് ഒരു മികച്ച ഷോട്ടിലൂടെ ഫഗിയോളിയ്ക്ക് ഗോൾ ആക്കി മാറ്റുവാൻ സാധിച്ചു. ഇൻ്റർ താരത്തിൻ്റെ ദേഹത്ത് തട്ടി പന്ത് ഡിഫ്ലക്റ്റ് ചെയ്തതിനാൽ ഒനാനയ്ക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. അതോടെ ഇൻ്റർ മത്സരം കൈവിട്ടു. ലക്ഷ്യബോധമില്ലാത്ത ഫിനിഷിങും നിർഭാഗ്യവുമല്ലാം കാരണം ഇൻ്റെറിന് ഗോൾ നേടുവാൻ കഴിയാതെ പോയി. അങ്ങനെ എതിരില്ലാത്ത 2 ഗോളുകൾക്ക് വിജയം സ്വന്തമാക്കുവാൻ യുവൻ്റസിന് സാധിച്ചു. ഈയൊരു വിജയത്തോടെ 13 മത്സരങ്ങളിൽ നിന്നും 25 പോയിൻ്റുമായി യുവെ 5ആം സ്ഥാനത്തേക്ക് കയറി. അത്രയും മത്സരങ്ങളിൽ നിന്നും 24 പോയിൻ്റ് കൈവശമുള്ള ഇൻ്റർ 7ആം സ്ഥാനത്താണ്.

Leave a comment