Foot Ball ISL Top News

അടി.. തിരിച്ചടി; ഒടുവിൽ മുംബൈയും ബഗാനും സമനിലയിൽ പിരിഞ്ഞു.!

November 6, 2022

author:

അടി.. തിരിച്ചടി; ഒടുവിൽ മുംബൈയും ബഗാനും സമനിലയിൽ പിരിഞ്ഞു.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എ.ടി.കെ മോഹൻ ബഗാൻ മത്സരം സമനിലയിൽ കലാശിച്ചു. ഇരുടീമുകളും മത്സരത്തിൽ 2 ഗോളുകൾ വീതം നേടി. 2 വട്ടം ലീഡ് നേടിയിട്ടും വിജയിക്കാൻ സാധിക്കാതിരുന്നത് മുംബൈ സിറ്റിക്ക് നിരാശ സമ്മാനിച്ചു. മത്സരത്തിൻ്റെ 4ആം മിനിറ്റിൽ തന്നെ ലാലിയൻസുവാല ചാങ്തെയിലൂടെ ആതിഥേയരായ മുംബൈ ലീഡ് നേടി. ബോക്സിന് വെളിയിൽ നിന്നും താരം തൊടുത്ത തകർപ്പൻ ഷോട്ട് ക്രോസ്സ്ബാറിൽ ഇടിച്ചിറങ്ങി ഗോൾ ആവുകയായിരുന്നു. ഈയൊരു ഗോൾ മാത്രമാണ് ആദ്യ പകുതിയിൽ പിറന്നത്. കൂടുതൽ ഗോൾ നേടുവാനുള്ള അവസരം മുംബൈക്കും ഗോൾ മടക്കുവാനുള്ള അവസരം എ.ടി.കെയ്ക്കും ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാൻ അവർക്ക് സാധിച്ചില്ല. തുടർന്ന് രണ്ടാം പകുതിയിൽ തുടക്കം തന്നെ ജോണി കൗക്കോയിലൂടെ ബഗാൻ ഗോൾ മടക്കി. ലിസ്റ്റണിൻ്റെ പാസ് സ്വീകരിച്ചാണ് കൗക്കോ മുംബൈ പ്രതിരോധം ഭേദിച്ചത്. അതോടെ മത്സരം 1-1 എന്ന നിലയിലായി. ശേഷം ഒരുവട്ടം കൂടി മുംബൈ വീണ്ടും ലീഡ് എടുത്തു. ഇത്തവണ പ്രതിരോധനിര താരം ഗ്രിഫിത്സ് ആണ് ഒരു ഹെഡ്ഡറിലൂടെ മുബൈയെ മുന്നിലെത്തിച്ചത്. അതിനുപുറകെ തന്നെ ബഗാൻ താരം ലെന്നി റോഡ്രിഗസ് ചുവപ്പ് കാർഡ് കണ്ടുകൊണ്ട് പുറത്തുപോയി. മുംബൈ താരം ഗ്രെഗ് സ്റ്റുവർട്ടിനെ ഇടിച്ചിട്ടത്തിനാണ് ലെന്നിക്ക് നേരെ റഫറി ചുവപ്പ് കാർഡ് നീട്ടിയത്. അതോടെ ബഗാൻ 10 പേരായി ചുരുങ്ങി. ഒപ്പം മത്സരം മുംബൈ കൈപ്പിടിയിൽ ഒതുക്കി എന്നും പ്രേക്ഷകർ കരുതി.

എന്നാൽ ആ പ്രതീക്ഷകളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് 88ആം മിനിറ്റിൽ കാൾ മക്ഹ്യൂ ബഗാനെ ഒപ്പമെത്തിച്ചു. ദിമിത്രി പെട്രറ്റോസ് എടുത്ത ഫ്രീകിക്കിൽ നിന്നും ഒരു ഹെഡ്ഡറിലൂടെയാണ് താരം ഗോൾ നേടിയത്. അതോടെ മത്സരം 2-2 എന്ന നിലയിലായി. ശേഷിച്ച സമയം ഗോൾ നേടുവാൻ ഒരു സുവർണാവസരം മുംബൈക്ക് ലഭിച്ചെങ്കിലും നൊഗ്വേരയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. അതുപോലെ തന്നെ ബഗാൻ താരം പെട്രറ്റോസിൻ്റെ ഹെഡ് ക്രോസ് ബാറിൽ തട്ടി മുംബൈ കീപ്പറിൻ്റെ കയ്യിലൊതുങ്ങി. അങ്ങനെയൊടുവിൽ മത്സരം സമനിലയിൽ പിരിഞ്ഞു. ഇതോടെ 5 മത്സരങ്ങളിൽ നിന്നും 9 പോയിൻ്റ് നേടിയ മുംബൈ ഒഡീഷയെ പിന്തള്ളിക്കൊണ്ട് 3ആം സ്ഥാനത്തേക്ക് കയറി. 4 മത്സരങ്ങൾ പൂർത്തിയാക്കിയ ബഗാൻ 7 പോയിൻ്റുമായി 5ആം സ്ഥാനത്താണ്.

Leave a comment