Foot Ball ISL Top News

ജംഷഡ്പൂരിനെ മൂന്നടിയിൽ മുട്ടുകുത്തിച്ച് ഗോവ.!

November 3, 2022

author:

ജംഷഡ്പൂരിനെ മൂന്നടിയിൽ മുട്ടുകുത്തിച്ച് ഗോവ.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂർ എഫ്.സിക്കെതിരെ എഫ്സി ഗോവയ്ക്ക് തകർപ്പൻ ജയം. ഗോവൻ തട്ടകമായ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ആതിഥേയർ ജംഷഡ്പൂരിനെ മുട്ടുകുത്തിച്ചത്. മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ സന്ദർശകരെ ഞെട്ടിച്ചുകൊണ്ട് 2ആം മിനിറ്റിൽ സ്പാനിഷ് താരം ഇകേർ ഗോയറൊച്ചേനയിലൂടെ ഗോവ ലീഡ് നേടി. ഷോർട്ട് ആക്കി എടുത്ത കോർണറിൽ നിന്നും എടു ബേഡിയ നൽകിയ ഇൻസ്വിങ് ക്രോസ് ആണ് ഒരു നിസാര ടച്ചിലൂടെ താരം ഗോൾ ആക്കി മാറ്റിയത്. അതോടെ ജംഷഡ്പൂർ അല്പം പതുങ്ങി. തുടർന്ന് 10ആം മിനിറ്റിൽ ഗോവൻ ഡിഫൻഡർ അർണൗട്ട് പരിക്കേറ്റ് പുറത്തായി. അതിന് പകരക്കാരൻ ആയിക്കൊണ്ട് ഇന്ത്യൻ താരം ഗ്ലാൻ മാർട്ടിൻസിനെയാണ് ഗോവൻ കോച്ച് കളത്തിലിറക്കിയത്. പുറകെതന്നെ 12 ആം മിനിറ്റിൽ നോവ സഡോയിയിലൂടെ ഗോവ ലീഡ് ഇരട്ടിപ്പിച്ചു. ബ്രണ്ടൻ ഫെർണാണ്ടസിൻ്റെ ത്രൂ ബോൾ പാസിനു ഓടിക്കയറിയ സഡോയി ബോക്സിന് തൊട്ടുവെളിയിൽ നിന്നും ഒരു മികച്ച ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. അതോടെ ഒന്നു നിലയുറപ്പിക്കും മുമ്പ് തന്നെ അടിതെറ്റിയ അവസ്ഥയായി ജംഷഡ്പൂരിന്. തുടർന്ന് ഗോൾ മടക്കുവാനായി സന്ദർശകർ ആവുന്നത്ര പരിശ്രമിച്ചെങ്കിലും ഗോവൻ കെട്ടുറപ്പിന് മുമ്പിൽ അതൊന്നും വിലപ്പോയില്ല. ആദ്യപകുതി 2-0 എന്ന നിലയിൽ തന്നെയാണ് അവസാനിച്ചത്.

രണ്ടാം പകുതിയിലും ഗോൾ നേടുവാൻ സുവർണാവസരങ്ങൾ ജംഷഡ്പൂരിന് ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലേക്ക് എത്തിയില്ല. ഒടുവിൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ സബ്സ്റ്റിറ്റ്യൂട്ട് ആയി കളത്തിൽ ഇറങ്ങിയ ബ്രൈസൺ ഫെർണാണ്ടസിലൂടെ ഗോവ തങ്ങളുടെ മൂന്നാം ഗോളും സ്വന്തമാക്കി. ബ്രൈസണ് ഒപ്പംതന്നെ സബ് ആയി കളത്തിൽ ഇറങ്ങിയ സാവ്യർ ഗാമയാണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്. അതോടെ ജംഷഡ്പൂരിൻ്റെ പതനം പൂർത്തിയായി. ഈയൊരു വിജയത്തോടെ 4 മത്സരങ്ങളിൽ നിന്നും 9 പോയിൻ്റുമായി ടേബിളിൽ 2ആം സ്ഥാനത്തേക്ക് കയറുവാനും ഗോവയ്ക്ക് സാധിച്ചു. അതേസമയം പരാജയം ഏറ്റുവാങ്ങിയ ജംഷഡ്പൂർ 6ആം സ്ഥാനത്ത് നിന്നും 8ആം സ്ഥാനത്തേക്ക് ഇറങ്ങി. 4 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റാണ് അവരുടെ സമ്പാദ്യം. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഇകേർ ഗോയറൊച്ചേനയാണ് കളിയിലെ താരം.

Leave a comment