European Football Foot Ball Top News

യൂറോപ്പ ലീഗ്; ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് യുണൈറ്റഡ്, എതിരാളികൾ റയൽ സോസീഡാഡ്.!

November 3, 2022

author:

യൂറോപ്പ ലീഗ്; ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് യുണൈറ്റഡ്, എതിരാളികൾ റയൽ സോസീഡാഡ്.!

യുവേഫ യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഇ യിലെ അവസാന പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് റയൽ സോസീഡാഡിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 11.15 ന് സോസീഡാഡിൻ്റെ മൈതാനമായ എസ്റ്റാഡിയോ അനോയേറ്റയിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഇരുടീമുകളും ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഓൾഡ് ട്രാഫോർഡിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ സോസീഡാഡിനെ അവരുടെ മൈതാനത്ത് വെച്ച് പരാജയപ്പെടുത്തിക്കൊണ്ട് ഒരു പകരംവീട്ടലിന് കൂടിയാവും എറിക് ടെൻഹാഗും സംഘവും ശ്രമിക്കുക. അതോടൊപ്പം നോക്കൗട്ടിലേക്ക് പ്ലേഓഫ് കളിക്കാതെ ഡയറക്ട് പ്രവേശനം നേടണമെങ്കിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം കൂടിയേ തീരൂ. ഇന്നത്തെ മത്സരത്തിൽ 2 ഗോളിൻ്റെ മാർജിനിൽ എങ്കിലും വിജയിച്ചാൽ മാത്രമേ യുണൈറ്റഡിന് ഒന്നാം സ്ഥാനം സ്വന്തമാക്കുവാൻ കഴിയൂ. ഈയൊരു കാരണംകൊണ്ടു തന്നെ വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഓരോ ഗ്രൂപ്പിലെയും രണ്ടാം സ്ഥാനക്കാർ ചാമ്പ്യൻസ് ലീഗിലെ 3ആം സ്ഥാനക്കാരുമായി പ്ലേഓഫ് റൗണ്ട് കളിക്കേണ്ടി വരും. അതിൽ വിജയിക്കുന്നവർ ആകും റൗണ്ട് ഓഫ് 16 ലേക്ക് യോഗ്യത നേടുക. അതിനാൽ ഒന്നാം സ്ഥാനം സ്വന്തമാക്കാൻ കഴിഞ്ഞാൽ ഈയൊരു റിസ്കിൽ നിന്നും രക്ഷപ്പെടുവാൻ കഴിയും.

കളിച്ച 5 മത്സരങ്ങളും വിജയിച്ചുകൊണ്ട് 15 പോയിൻ്റുമായി സോസിഡാഡ് ആണ് ടേബിളിൽ തലപ്പത്ത്. അത്രയും കളികളിൽ നിന്നും 12 പോയിൻ്റുമായി യുണൈറ്റഡ് രണ്ടാം സ്ഥാനത്തുണ്ട്. ഇന്നത്തെ മത്സരത്തിൻ്റെ ഫലത്തെ ആശ്രയിച്ച് ആയിരിക്കും ടേബിളിൽ സ്ഥാനചലനം സംഭവിക്കുക.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നത്തെ മത്സരത്തിലും ആദ്യ ഇലവനിൽ ഉണ്ടായേക്കും. നിലവിൽ റാഫേൽ വരാനെ മാത്രമാണ് പരിക്കിൻ്റെ പിടിയിലുള്ള പ്രധാന താരം. വരാനെയ്ക്ക് പകരം മഗ്വയർ ആദ്യ ഇലവനിൽ ഇറങ്ങാനാണ് സാധ്യത. ആൻ്റണി മാർഷ്യലും പരിക്കിൻ്റെ പിടിയിൽ ആണെങ്കിലും താരത്തിന് പകരം മികച്ച റിപ്ലെയ്സ്മെൻ്റുകൾ വേറെയുണ്ട്. കഴിഞ്ഞ ലീഗ് മത്സരത്തിൽ ഇല്ലാതിരുന്ന ആൻ്റണി ഇന്നത്തെ മത്സരത്തിൽ ഉണ്ടാകും. എന്തായാലും ഈയൊരു പോരാട്ടത്തിനായി നമുക്ക് കാത്തിരിക്കാം.

Leave a comment