European Football Foot Ball Top News

ഫെറാന് ഡബിൾ; അവസാന മത്സരത്തിൽ വിജയത്തോടെ മടങ്ങി ബാർസ.!

November 2, 2022

author:

ഫെറാന് ഡബിൾ; അവസാന മത്സരത്തിൽ വിജയത്തോടെ മടങ്ങി ബാർസ.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ വിക്ടോറിയ പ്ലസനെതിരെ സ്പാനിഷ് വമ്പന്മാരായ എഫ്സി ബാർസലോണക്ക് വിജയം. പ്ലാസൻ്റെ മൈതാനത്ത് നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാർസ വിജയിച്ചത്. സ്പാനിഷ് താരം ഫെറാൻ ടോറസ് ബാർസയ്ക്കായി ഇരട്ടഗോൾ സ്വന്തമാക്കിയപ്പോൾ തോമസ് ചോറി പ്ലസന് വേണ്ടിയും ഇരട്ടഗോൾ നേടി. മത്സരത്തിൻ്റെ 6ആം മിനിറ്റിൽ തന്നെ ബാർസ വലകുലുക്കി. മർക്കസ് അലോൺസോയാണ് സന്ദർശകർക്കായി ഗോൾ നേടിയത്. അതിന് ശേഷം ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഫെറാൻ ടോറസ്സിലൂടെ ബാർസ ലീഡ് ഇരട്ടിയാക്കി. ജോർഡി ആൽബയാണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്. അതോടെ ആദ്യപകുതി 2-0 എന്ന നിലയിൽ അവസാനിച്ചു.

തുടർന്ന് 51ആം മിനിറ്റിൽ പ്ലാസൻ സ്ട്രൈക്കർ തോമസ് ചോറിയെ ബാർസ താരം പാബ്ലോ ടോറെ ബോക്സിൽ ഫൗൾ ചെയ്തതിന് പ്ലാസന് അനുകൂലമായി റഫറി പെനൽറ്റി വിധിച്ചു. കിക്ക് എടുത്ത ചോറിക്ക് പിഴച്ചില്ല. സ്കോർ 2-1. എന്നാൽ ഇതിനുള്ള തിരിച്ചടി ബാർസ ഒട്ടും വൈകിപ്പിച്ചില്ല. 54ആം മിനിറ്റിൽ ബ്രസീലിയൻ താരം റാഫീഞ്ഞയുടെ പാസിൽ നിന്നും ടോറസ് തൻ്റെ ഇരട്ട ഗോൾ നേട്ടം പൂർത്തിയാക്കി. ഒപ്പം ടീമിൻ്റെ 3ആം ഗോളും. തുടർന്ന് വാശിയേറിയ പോരാട്ടത്തിൽ 63 ആം മിനിറ്റിൽ ചോറിയിലൂടെ തന്നെ പ്ലാസൻ ഒരു ഗോൾ കൂടി മടക്കി. വ്ലാകനോവയാണ് ഗോളിന് വഴിയൊരുക്കിയത്. അതോടെ മത്സരം 3-2 എന്ന നിലയിലായി. എന്നാൽ സമനില പിടിക്കാമെന്ന പ്ലാസൻ്റെ മോഹങ്ങൾക്ക് കരിനിഴൽ വീഴ്ത്തിക്കൊണ്ട് പാബ്ലോ ടോറെ ബാർസയുടെ നാലാം ഗോൾ സ്വന്തമാക്കി. ഈ ഗോളിന് വഴിയൊരുക്കിയതും റാഫീഞ്ഞ തന്നെയായിരുന്നു. അതോടെ സ്കോർഷീറ്റ് പൂർത്തിയായി. പിന്നീട് ഗോളുകൾ നേടുവാൻ അവസരങ്ങൾ ഉണ്ടായെങ്കിലും ഒന്നും തന്നെ ഫലവത്തായില്ല. ഒടുവിൽ 4-2 എന്ന നിലയിൽ മത്സരത്തിന് തിരശ്ശീല വീണു. അതോടെ ചാമ്പ്യൻസ് ലീഗിൽ നിന്നും വിജയത്തോടെ മടങ്ങുവാൻ സാവിക്കും സംഘത്തിനും കഴിഞ്ഞു.

ലെവൻഡോസ്കി, പെഡ്രി, കോണ്ടെ, ടെർ സ്റ്റീഗൻ, ഡിജോങ് തുടങ്ങിയ പ്രധാന താരങ്ങൾക്ക് മത്സരത്തിൽ നിന്നും സാവി വിശ്രമം നൽകി.

Leave a comment