European Football Foot Ball Top News

മെസ്സിയും നെയ്മറും മിന്നി; പി.എസ്.ജിയ്ക്ക് വിജയം.!

October 29, 2022

author:

മെസ്സിയും നെയ്മറും മിന്നി; പി.എസ്.ജിയ്ക്ക് വിജയം.!

ലീഗ് വണ്ണിൽ ട്രോയ്സിനെതിരെ നടന്ന മത്സരത്തിൽ വമ്പന്മാരായ പി.എസ്.ജിയ്ക്ക് വിജയം. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് പാരീസിയൻസ് വിജയക്കൊടി പാറിച്ചത്. സ്വന്തം മൈതാനമായ പാർക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ സൂപ്പർ താരങ്ങളായ മെസ്സിയും നെയ്മറും ഗോളും അസിസ്റ്റും സ്വന്തമാക്കി. ട്രോയ്സിനായി വിങ്ങർ മാമ ബാൽദേ ഇരട്ടഗോൾ നേടി. മത്സരത്തിൻ്റെ 3ആം മിനിറ്റിൽ തന്നെ ബാൽദേയിലൂടെ സന്ദർശകരാണ് ആദ്യം ഗോൾ നേടിയത്. ഇതിന് മറുപടി ആയികൊണ്ട് 24 ആം മിനിറ്റിൽ നെയ്മറുടെ അസിസ്റ്റിൽ നിന്നും സ്പാനിഷ് താരം കാർലോസ് സോളർ പി.എസ്.ജിയ്ക്കായി ഗോൾ മടക്കി. അതോടെ സ്കോർ 1-1 എന്ന നിലയിലായി. ഈ 2 ഗോളുകൾ മാത്രമാണ് ആദ്യ പകുതിയിൽ പിറന്നത്. ശേഷം രണ്ടാം പകുതി ആരംഭിച്ച് 7 മിനിറ്റ് തികഞ്ഞപ്പോഴേക്കും ട്രോയ്സ് വീണ്ടും ലീഡ് നേടി. ഒഡോബർട്ടിൻ്റെ പാസിൽ നിന്നും ബാൽദേ തന്നെയാണ് ഗോൾ നേടിയത്. എന്നാൽ അധികനേരം ലീഡ് കൈവശം വെക്കുവാൻ അവർക്ക് സാധിച്ചില്ല. 55ആം മിനിറ്റിൽ റാമോസിൻ്റെ പാസ് സ്വീകരിച്ച് ബോക്സിന് വെളിയിൽ നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെ മെസ്സി പന്ത് വലയിലാക്കി. സ്കോർ 2-2. അതിനുശേഷം 62ആം മിനിറ്റിൽ തന്നെ പി.എസ്.ജി മത്സരത്തിൽ ആദ്യമായി ലീഡ് നേടി. ട്രോയ്സ് ഡിഫൻഡേഴ്സിന് ഇടയിലൂടെ മെസ്സി നൽകിയ ത്രൂബോൾ സ്വീകരിച്ച് നെയ്മറാണ് ആതിഥേയർക്കായി ഗോൾ നേടിയത്. പിന്നീട് കാർലോസ് സോളറിനെ ട്രോയ്സ് കീപ്പർ ബോക്സിൽ വീഴ്ത്തിയതിന് പി.എസ്.ജിയ്ക്ക് അനുകൂലമായി റഫറി പെനൽറ്റി വിധിച്ചു. ഇതിൻ്റെ പിന്നിലും മെസ്സിയുടെ പങ്ക് ഉണ്ടായിരുന്നു. കിക്ക് എടുത്ത എമ്പപ്പെയ്ക്ക് പിഴച്ചില്ല. സ്കോർ 4-2.

എന്നാൽ പോരാട്ടവീര്യം കൈവെടിയാതിരുന്ന ട്രോയ്സ് പലവേർസയിലൂടെ മത്സരത്തിലെ തങ്ങളുടെ 3ആം ഗോൾ കണ്ടെത്തി. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനോടുവിൽ ഒരു ഹെഡ്ഡറിലൂടെ താരം പന്ത് വലയിലാക്കുകയായിരുന്നു. അതോടെ മത്സരം അവസാനിച്ചു. 4 ഗോളുകൾ നേടുവാൻ കഴിഞ്ഞെങ്കിലും പ്രതിരോധം 3 ഗോൾ വഴങ്ങിയത് വിജയത്തിനിടയിലും പി.എസ്.ജി കോച്ച് ഗാൾട്ടിയർക്ക് തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. എന്തായാലും സ്വന്തം കാണികൾക്ക് മുന്നിൽ ഒരു ഗോൾ വിരുന്ന് ഒരുക്കുവാൻ ആതിഥേയരായ പി.എസ്. ജിയ്‌ക്ക് കഴിഞ്ഞു. ഈയൊരു വിജയത്തോടെ 13 മത്സരങ്ങളിൽ നിന്നും 35 പോയിൻ്റാണ് പി.എസ് ജിയുടെ സമ്പാദ്യം. അത്രയും മത്സരങ്ങളിൽ നിന്നും 13 പോയിൻ്റ് മാത്രം കൈവശമുള്ള ട്രോയ്സ് 11ആം സ്ഥാനത്താണ്. പാരീസിയൻസ് തന്നെയാണ് ടേബിളിൽ തലപ്പത്ത്.

Leave a comment