EPL 2022 European Football Foot Ball Top News

ഡിബ്രുയ്ൻ്റെ ഫ്രീകിക്ക് ഗോളിൽ ലെസ്റ്ററിനെ മറികടന്ന് സിറ്റി.!

October 29, 2022

author:

ഡിബ്രുയ്ൻ്റെ ഫ്രീകിക്ക് ഗോളിൽ ലെസ്റ്ററിനെ മറികടന്ന് സിറ്റി.!

പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ലെസ്റ്ററിൻ്റെ തട്ടകമായ കിംഗ് പവർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റി ജയിച്ചുകയറിയത്. മത്സരത്തിൻ്റെ 49 ആം മിനിറ്റിലാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. ജാക്ക് ഗ്രീലിഷ് നേടിയെടുത്ത ഫ്രീകിക്ക് എടുത്ത ഡിബ്രുയ്ൻ ഒരു മികച്ച കിക്കിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ബോക്സിന് പുറത്ത് ഇടതുമൂലയിൽ നിന്നുമെടുത്ത ഫ്രീകിക്ക് ലെസ്റ്റർ പ്രതിരോധ താരങ്ങളുടെ തലക്ക് മുകളിലൂടെ പോസ്റ്റിൻ്റെ ഇടത് ടോപ് ബാറിൽ തട്ടി വലയിൽ പതിക്കുകയായിരുന്നു. ഒരു ഔട്ട്സ്റ്റാൻഡിംഗ് ഫ്രീകിക്ക് എന്നു തന്നെയതിനെ വിശേഷിപ്പിക്കാം. അതിന് മുമ്പും ശേഷവും ഒട്ടനവധി അവസരങ്ങൾ സിറ്റിക്ക് ലഭിച്ചിരുന്നെങ്കിലും ഒന്നും ഗോൾ ആക്കി മാറ്റുവാൻ അവർക്ക് സാധിച്ചില്ല. പരിക്കിൻ്റെ പിടിയിലായ സൂപ്പർ സ്ട്രൈക്കർ എർലിംഗ് ഹാലണ്ട് മത്സരത്തിന് ഇല്ലാതിരുന്നത് പെപ്പിനും സംഘത്തിനും തിരിച്ചടിയായി.

ഹാലാണ്ടിൻ്റെ അഭാവത്തിൽ ജൂലിയൻ അൽവാരസാണ് സ്ട്രൈക്കർ ആയി കളത്തിലിറങ്ങിയത്. എന്തായാലും ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു കയറുവാൻ സന്ദർശകർക്ക് സാധിച്ചു. ലെസ്റ്ററും ഗോൾ നേടുവാൻ ഒരുപിടി അവസരങ്ങൾ മത്സരത്തിൽ സൃഷ്ടിച്ചെങ്കിലും നിർഭാഗ്യവശാൽ സ്കോർ ചെയ്യുവാൻ അവർക്ക് കഴിഞ്ഞില്ല. ഈയൊരു വിജയത്തോടെ 12 മത്സരങ്ങളിൽ നിന്നും 29 പോയിൻ്റുമായി സിറ്റി ഒന്നാം സ്ഥാനത്തേക്ക് കയറി. നാളത്തെ മത്സരത്തിൽ ആഴ്സനൽ വിജയിച്ചാൽ വീണ്ടും സിറ്റി രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവരും. 13 മത്സരങ്ങൾ പൂർത്തിയാക്കിയ ലെസ്റ്ററിന് 11 പോയിൻ്റ് മാത്രമാണ് നേടാനായിട്ടുള്ളത്. നിലവിൽ അവർ 17ആം സ്ഥാനത്താണ്.

Leave a comment