Cricket cricket worldcup Cricket-International Top News

ബംഗ്ലാദശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ വിജയം; റൂസോയ്ക്ക് സെഞ്ച്വറി.!

October 27, 2022

author:

ബംഗ്ലാദശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ വിജയം; റൂസോയ്ക്ക് സെഞ്ച്വറി.!

ടി20 ലോകകപ്പിൽ ഗ്രൂപ്പ് 2ൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് തരിപ്പണമാക്കി ദക്ഷിണാഫ്രിക്ക. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിൻ്റെ പിന്തുടരൽ വെറും 101 റൺസിന് അവസാനിച്ചു. അതോടെ 104 റൺസിൻ്റെ വമ്പൻ വിജയമാണ് ആഫ്രിക്കൻ ടീം സ്വന്തമാക്കിയത്. ബാറ്റിങ്ങിൽ നിറഞ്ഞാടിയ റിലേ റൂസോയുടെ സെഞ്ച്വറി മികവിലാണ് (56 പന്തിൽ 109) ദക്ഷിണാഫ്രിക്ക ഈയൊരു സ്കോർ അടിച്ചെടുത്തത്. 7 ഫോറും 8 സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിൻ്റെ ഇന്നിംഗ്സ്. 38 പന്തിൽ നിന്നും 63 റൺസ് നേടിയ ഡികോക്ക് റൂസോയ്ക്ക് മികച്ച പിന്തുണ നൽകി. അതിന് ശേഷം വന്ന മാർക്രം, മില്ലർ തുടങ്ങിയവർക്ക് അവസരത്തിനൊത്ത പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതിരുന്നത് ഇതിലും ഉയർന്ന സ്കോർ നേടുന്നതിൽ നിന്നും ടീമിനെ തടഞ്ഞുനിർത്തി. 17 ഓവറിൽ 189ൽ എത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന 3 ഓവറിൽ 16 റൺസ് നേടുവാനെ കഴിഞ്ഞുള്ളൂ. അതോടെ 20 ഓവറിൽ 206 എന്ന വിജയലക്ഷ്യം അവർ ബംഗ്ലാദേശിന് മുന്നിൽ വെച്ചു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് ആശിച്ച തുടക്കമാണ് ആദ്യ ഓവറിൽ ലഭിച്ചത്. കാഗിസോ റബാഡ എറിഞ്ഞ ആദ്യ ഓവറിൽ പിറന്നത് 17 റൺസ്. എന്നാൽ ഈയൊരു തുടക്കം മുതലെടുക്കാൻ ടീമിന് കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടുവാൻ ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് സാധിച്ചു. അതോടെ 20 ഓവറിൽ ബംഗ്ലാദേശിൻ്റെ മറുപടി 101 റൺസിൽ അവസാനിച്ചു. 31 പന്തിൽ 34 റൺസ് നേടിയ ലിട്ടൺ ദാസ് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. 7 ബാറ്റ്സ്മാൻമാർക്ക് ബാറ്റിങ്ങിൽ രണ്ടക്കം പോലും കടക്കുവാൻ കഴിഞ്ഞില്ല. 3.3 ഓവറിൽ 10 റൺസ് വഴങ്ങി 4 വിക്കറ്റ് നേടിയ ആൻറിച്ച് നോർജെയാണ് ബംഗ്ലാകടുവകളെ കെട്ടുകെട്ടിക്കുന്നതിന് ചുക്കാൻപിടിച്ചത്. 4 ഓവറിൽ 20 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ തബ്രൈസ് ഷംസിയും മികച്ച ബോളിങ് പ്രകടനം കാഴ്ചവെച്ചു. ഇതോടെ വിലപ്പെട്ട 2 പോയിൻ്റുകൾ സ്വന്തമാക്കിക്കൊണ്ട് സെമിപ്രതീക്ഷകൾ നിലനിർത്താൻ ദക്ഷിണാഫ്രിക്കയ്ക്കായി. അവരുടെ സിംബാവേയ്ക്കെതിരെയുള്ള ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. എന്തായാലും ഈയൊരു വിജയം ടീമിന് ആത്മവിശ്വാസം പകരുന്നതാണ്.

കൂറ്റൻ അടികളിലൂടെ തകർപ്പൻ സെഞ്ച്വറി നേടിയ റിലേ റൂസൗ തന്നെയാണ് കളിയിലെ താരം.

Leave a comment