ഉത്തേജകമരുന്ന് പരിശോധനയില്‍ കുടുങ്ങി ടെന്നീസ് താരം സിമോണ ഹാലെപ്; വിലക്ക്
ഉത്തേജകമരുന്ന് പരിശോധനയില്‍ കുടുങ്ങി മുന്‍ ലോക ഒന്നാം നമ്പര്‍ വനിത ടെന്നീസ് താരം സിമോണ ഹാലെപ്. ഉത്തേജക പരിശോധനയില്‍ താരത്തിന്റെ സാമ്പിളുകളുടെ ഫലം പോസിറ്റീവായി. ഇതോടെ ഹാലെപിന് ഇന്റര്‍നാഷണല്‍ ടെന്നീസ് ഇന്റെഗ്രിറ്റി ഏജന്‍സി മത്സരങ്ങളില്‍ കളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.നിലവില്‍ ലോക ഒന്‍പതാം നമ്പര്‍ താരമാണ് ഹാലെപ്.
രണ്ട് ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരമാണ് ഹാലെപ്. 2018 ഫ്രഞ്ച് ഓപ്പണും 2019 വിംബിള്‍ഡണും ഹാലെപ് സ്വന്തമാക്കി. തുടര്‍ച്ചയായി 373 ആഴ്ചകളില്‍ വനിതാ സിംഗിള്‍സ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ നിന്ന താരം കൂടിയാണ് ഹാലെപ്. യുഎസ് ഓപ്പണിന് വേണ്ടി നടത്തിയ പരിശോധനയില്‍ താരത്തിന്റെ എ സാമ്പിളിലും ബി സാമ്പിളിലും ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്.
നിരോധിത മരുന്നായ റോക്‌സാഡസ്റ്റാറ്റിന്റെ സാന്നിധ്യമാണ് താരത്തിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്. റൊമാനിയന്‍ താരമായ ഹാലെപ് ഇതിനെതിരേ രംഗത്തെത്തി. ഫലം പുറത്തുവന്നപ്പോള്‍ ഞെട്ടിപ്പോയെന്നാണ് താരം പറഞ്ഞത്. കരിയറില്‍ ഇതുവരെ ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും താരം പറഞ്ഞു. ഇതിനെതിരേ നിയമസാധ്യകള്‍ തേടാനും ഹാലെപ് ശ്രമിക്കുന്നുണ്ട്.