European Football Foot Ball Top News

മെസ്സിയും എംബാപ്പെയും തിളങ്ങി; പിഎസ്ജിയ്ക്ക് അനായാസ വിജയം.!

October 22, 2022

author:

മെസ്സിയും എംബാപ്പെയും തിളങ്ങി; പിഎസ്ജിയ്ക്ക് അനായാസ വിജയം.!

ലീഗ് 1 ൽ അജാക്സിയോക്കെതിരെ പിഎസ്ജിയ്ക്ക് അനായാസ വിജയം. എതിരില്ലാത്ത 3 ഗോളുകൾക്കാണ് അവർ അജാക്‌സിയോയെ തകർത്തുവിട്ടത്. മത്സരത്തിൽ കിലിയാൻ എംബാപ്പെ 2 ഗോളുകളും ലയണൽ മെസ്സി 1 ഗോളും നേടി. എംബാപ്പെ നേടിയ 2 ഗോളുകൾക്കും അസിസ്റ്റ് ഒരുക്കിയത് മെസ്സിയായിരുന്നു. മെസ്സി നേടിയ ഗോളിന് വഴിയൊരുക്കിയത് എംബാപ്പെയും. അജാക്‌സിയോയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ 24 ആം മിനിറ്റിലാണ് പിഎസ്ജി ആദ്യ ഗോൾ നേടിയത്. അജാക്‌സിയോ ഡിഫൻസിന് ഇടയിലൂടെ മെസ്സി ബോക്സിന് അകത്തേക്ക് നൽകിയ ത്രൂബോൾ പാസ്സ് സ്വീകരിച്ച് എംബാപ്പെ ഒരു മികച്ച ഫിനിഷിലൂടെ പന്ത് വലയിലാക്കി. അതിന് ശേഷം ലീഡ് കൂട്ടാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും അതൊക്കെ പാഴായി. എംബാപ്പെയ്ക്ക് ഹാട്രിക് എങ്കിലും മത്സരത്തിൽ സ്വന്തമാക്കാൻ കഴിയുമായിരുന്നു. ആദ്യ പകുതി 1-0 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ 4 മിനിറ്റിൻ്റെ ഇടവേളയിലാണ് പിഎസ്ജി ശേഷിച്ച 2 ഗോളുകളും നേടിയത്. 78ആം മിനിറ്റിലാണ് മെസ്സിയുടെ ഗോൾ പിറക്കുന്നത്. എംബാപ്പെയുടെ ബാക്ക്ഹീൽ പാസ്സ് സ്വീകരിച്ച മെസ്സി ഒരു മികച്ച ഡ്രിബിളിലൂടെ ഗോളിയേയും വെട്ടിച്ചുകൊണ്ട് ഓപ്പൺ പോസ്റ്റിലേക്ക് പന്ത് തട്ടിയിടുകയായിരുന്നു. ഈ ഗോൾ നേടി 4 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മത്സരത്തിലെ 3ആം ഗോളും പിഎസ്ജി സ്വന്തമാക്കി. ഇത്തവണയും മെസ്സി-എംബാപ്പെ കോംബോ തന്നെയായിരുന്നു. മെസ്സിയുടെ പാസിൽ നിന്നും എംബാപ്പെയുടെ നിലത്തുവീണുകൊണ്ടുള്ള ഷോട്ട് അജാക്സിയോ കീപ്പറിന് സേവ് ചെയ്യുവാനായില്ല. അതോടെ സ്കോർ 3-0 എന്ന നിലയിലായി. ശേഷിച്ച സമയവും അവസരങ്ങൾ ഒക്കെ ലഭിച്ചെങ്കിലും മറ്റുഗോളുകൾ ഒന്നും മത്സരത്തിൽ പിറന്നില്ല. നെയ്മറുടെ അഭാവത്തിൽ കാർലോസ് സോളറെ അറ്റാക്കിങ് മിഡ്ഫീൽഡറാക്കി മുന്നേറ്റ നിരയിൽ മെസ്സിയും എംബാപ്പെയും അണിനിരക്കുന്ന ശൈലിയിൽ ആണ് ഗാൾട്ടിയർ ടീമിനെയിറക്കിയത്. എന്തായാലും അനായാസം 3 പോയിൻ്റ് സ്വന്തമാക്കുവാൻ ടീമിനായി.

12 മത്സരങ്ങളിൽ നിന്നും 32 പോയിൻ്റ് നേടിയ പിഎസ്ജി തന്നെയാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. അത്രയും മത്സരങ്ങളിൽ നിന്നും 8 പോയിൻ്റ് മാത്രം നേടിയ അജാക്സിയോ 18ആം സ്ഥാനത്താണ്.

Leave a comment