Foot Ball ISL Top News

ടേബിളിൽ അക്കൗണ്ട് തുറക്കാൻ നോർത്ത് ഈസ്റ്റും, ഈസ്റ്റ് ബംഗാളും ഇന്ന് നേർക്കുനേർ.!

October 20, 2022

author:

ടേബിളിൽ അക്കൗണ്ട് തുറക്കാൻ നോർത്ത് ഈസ്റ്റും, ഈസ്റ്റ് ബംഗാളും ഇന്ന് നേർക്കുനേർ.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഈസ്റ്റ് ബംഗാളിനെ നേരിടും. ഇരു ടീമുകളും 2 കളികൾ വീതം പൂർത്തിയാക്കിയപ്പോൾ ഒരു പോയിൻ്റ് പോലും നേടാനാകാതെ അവസാന 2 സ്ഥാനങ്ങളിലാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ വിജയിച്ചുകൊണ്ട് അക്കൗണ്ട് തുറക്കുവാനാകും ഇരുകൂട്ടരും ശ്രമിക്കുക. വൈകിട്ട് 7.30 ന് ആരംഭിക്കുന്ന മത്സരത്തിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആതിഥേയത്വം വഹിക്കും. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഇന്നത്തെ മത്സരത്തിൽ ഒരു ഗോൾ നേടുവാൻ കഴിഞ്ഞാൽ നോർത്ത് ഈസ്റ്റിൻ്റെ സീസണിലെ ആദ്യ ഗോൾ ആയിരിക്കും അത്. 2 മത്സരങ്ങൾ പിന്നിട്ടിട്ടും ഇതുവരെ അവർക്ക് ഗോൾവല ചലിപ്പിക്കാൻ സാധിച്ചിട്ടില്ല. അതേ സമയം ഇതുവരെ 2 കളികളിൽ നിന്നും അവർ 4 ഗോളുകൾ വഴങ്ങിയിട്ടുണ്ട്.

മറുവശത്ത് ഈസ്റ്റ് ബംഗാൾ 2 മത്സരങ്ങളിൽ നിന്നും 2 ഗോളുകൾ നേടിയപ്പോൾ 5 ഗോളുകളാണ് വഴങ്ങിയിട്ടുള്ളത്. ഇരുടീമുകളും തമ്മിൽ ഇതുവരെ 4 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ 3 തവണയും വിജയം നോർത്ത് ഈസ്റ്റിനോടൊപ്പമായിരുന്നു. ഒരു മത്സരം സമനിലയിൽ അവസാനിച്ചു. ചുരുക്കി പറഞ്ഞാൽ നോർത്ത് ഈസ്റ്റിനെ ഇതുവരെ പരാജയപ്പെടുത്തുവാൻ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിട്ടില്ല. ഈയൊരു മോശം റെക്കോർഡ് മറികടക്കുവാൻ ആകും ഇന്ന് സ്റ്റീഫൻ കോൺസ്റ്റൻ്റൈനും സംഘവും ശ്രമിക്കുക. മാത്രമല്ല കഴിഞ്ഞ സീസൺ വരെ നോർത്ത് ഈസ്റ്റിന് വേണ്ടി പന്തുതട്ടിയ മലയാളി താരം വിപി സുഹൈർ ഈ സീസണിൽ ഈസ്റ്റ് ബംഗാളിലേക്ക് കൂടുമാറിയിരുന്നു. ഈയൊരു മാറ്റത്തിന് ശേഷം പഴയ ടീമിനെതിരെയുള്ള ആദ്യ മത്സരമായിരിക്കും സുഹൈറിന് ഇന്നത്തേത്.

Leave a comment