European Football Foot Ball Top News

നെയ്മറിൻ്റെ ഗോളിൽ മാർസേയ്യിയെ കീഴടക്കി പിഎസ്ജി.!

October 17, 2022

author:

നെയ്മറിൻ്റെ ഗോളിൽ മാർസേയ്യിയെ കീഴടക്കി പിഎസ്ജി.!

ഫ്രഞ്ച് ലീഗ് 1 ൽ നിലവിലെ ചാംപ്യൻമാരായ പാരീസ് സെയിൻ്റ് ജർമെയിന് വിജയം. ചിരവൈരികളായ ഒളിംപിക് മാർസേയ്യിയെയാണ് അവർ പരാജയപ്പെടുത്തിയത്. സൂപ്പർ താരം നെയ്മർ നേടിയ ഏക ഗോളിലാണ് പിഎസ്ജിയുടെ വിജയം. പാർക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് പിഎസ്ജി ഗോൾ നേടിയത്. കിലിയാൻ എംബാപ്പെയുടെ അസിസ്റ്റ് സ്വീകരിച്ച് നെയ്മർ വല കുലുക്കുകയായിരുന്നു. അതിന് ശേഷമോ മുമ്പോ ഒരു ഗോൾ പോലും മത്സരത്തിൽ പിറന്നില്ല.

രണ്ടാം പകുതിയിൽ ഗോൾ മടക്കുവാൻ മാർസേയ്യിയും ലീഡ് നേടുവാൻ പിഎസ്ജിയും ആവുന്നത്ര ശ്രമിച്ചിട്ടും എല്ലാം വിഫലമായി. മത്സരത്തിൻ്റെ 25 ആം മിനിറ്റിൽ തന്നെ പിഎസ്ജി താരം ഡാനിലോ പെരേര പരിക്കേറ്റ് പുറത്തായത് ടീമിന് തലവേദനയായി. നിലവിൽ കിമ്പെമ്പെയുടെ പരിക്ക് ടീമിന് ആശങ്കയാണ്. അതിന് പുറമെ ഡാനിലോയും പുറത്തായത് ടീമിന് തിരിച്ചടിയായി. റാമോസ് വിലക്ക് നീങ്ങിയതിന് ശേഷമേ കളിക്കൂ. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ക്രോസ്സ് ബാറിൽ തട്ടിത്തെറിച്ചത് ആരാധകർക്ക് നിരാശയായി. സാധാരണയിൽ നിന്നും വ്യത്യസ്തമായി ഗോൾ പോസ്റ്റിന് ഇരുവശത്തും മുമ്പിലുമെല്ലാം മാർസേയ്യി ഫ്രീകിക്ക് പ്രതിരോധിക്കാൻ കളിക്കാരെ അണിനിരത്തി. ഇതിനിടയിൽ ആണ് മെസ്സിയുടെ കിക്ക് ബാറിൽ തട്ടി തെറിച്ചത്. 72 ആം മിനിറ്റിൽ നെയ്മറിനെ അപകടകരമായി ഫൗൾ ചെയ്തതിന് മാർസെയ്യി താരം സാമുവൽ ഗിഗോട്ട് റെഡ്കാർഡ് കണ്ട് പുറത്തുപോയത് ഗോൾ മടക്കാമെന്ന മാർസെയ്യി പ്രതീക്ഷകൾക്ക് തിരിച്ചടിയായി.

11 മത്സരങ്ങളിൽ നിന്നും 29 പോയിൻ്റ് നേടിയ പിഎസ്ജി അപരാജിതരായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.അത്രയും കളികളിൽ നിന്നും 23 പോയിൻ്റ് നേടിയ മാർസെയ്യി 4ആം സ്ഥാനത്താണ്.

Leave a comment