European Football Foot Ball Top News

എൽ ക്ലാസിക്കോ; റയലിന് മുന്നിൽ അടിയറവ് പറഞ്ഞ് ബാർസലോണ.!

October 16, 2022

author:

എൽ ക്ലാസിക്കോ; റയലിന് മുന്നിൽ അടിയറവ് പറഞ്ഞ് ബാർസലോണ.!

ലാ ലിഗയിലെ ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിന് തകർപ്പൻ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഞ്ചലോട്ടിയും സംഘവും വിജയക്കൊടി പാറിച്ചത്. റയലിൻ്റെ തട്ടകമായ സാന്തിയാഗോ ബെർണാബ്യുവിൽ നടന്ന മത്സരത്തിൽ കരീം ബെൻസീമാ, ഫിദ വൽവെർദേ, റോഡ്രിഗോ എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്. ഫെറാൻ ടോറസ് ബാർസയുടെ ആശ്വാസഗോൾ നേടി. മത്സരത്തിൻ്റെ 12ആം മിനിറ്റിലാണ് റയൽ മുന്നിലെത്തുന്നത്. കരീം ബെൻസീമയാണ് റയലിനായി വലകുലുക്കിയത്. ശേഷം വാശികൂടിയ മത്സരത്തിൽ 35 ആം മിനിറ്റിൽ വൽവെർദെയിലൂടെ റയൽ ലീഡ് ഇരട്ടിപ്പിച്ചു. ഫെർലാൻസ് മെൻ്റിയുടെ അസിസ്റ്റിൽ നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് താരം ഗോൾ നേടിയത്. അതോടെ ആദ്യ പകുതി 2-0 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ മത്സരം തിരിച്ചു പിടിക്കുന്നതിനായി ബാർസ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ നേടുവാൻ അല്പം വൈകിപോയി. 83 ആം മിനിറ്റിലാണ് ഫെറാൻ ടോറസിൻ്റെ ഗോൾ വരുന്നത്. സൂപ്പർ താരം ലവണ്ടോസ്കിയുടെ അസിസ്റ്റിൽ നിന്നുമാണ് ഫെറാൻ ഗോൾ മടക്കിയത്. പിന്നീട് ഉള്ള സമയം സമനില പിടിക്കുന്നതിനായി ബാർസ ആവുന്നത്ര പൊരുതിയെങ്കിലും റയൽ പ്രതിരോധം അവയെല്ലാം തടുത്ത് നിർത്തി. ഒടുവിൽ ഇഞ്ചുറി ടൈമിലെ പെനൽറ്റി ഗോളിലൂടെ റോഡ്രിഗോ ബാർസയുടെ പതനം പൂർത്തിയാക്കി. ബാഴ്സ താരം എറിക് ഗാർഷ്യ റോഡ്രിഗോയെ ബോക്സിൽ ഫൗൾ ചെയ്തതിനാണ് റയലിന് അനുകൂലമായി പെനൽറ്റി ലഭിച്ചത്. മത്സരത്തിൽ നിരവധി അവസരങ്ങൾ ബാർസ തുറന്നെടുത്തെങ്കിലും നിർഭാഗ്യവശാൽ അവയൊന്നും ഗോൾ ആക്കുവാൻ അവർക്ക് സാധിച്ചില്ല.

9 മത്സരങ്ങളിൽ നിന്നും 25 പോയിൻ്റ് നേടിയ റയൽ ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. അത്രയും കളികളിൽ നിന്നും 22 പോയിൻ്റ് ഉള്ള ബാർസ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി.

Leave a comment