Foot Ball ISL Top News

ഐ.എസ്.എൽ; എഫ്സി ഗോവ ആദ്യ അങ്കത്തിനായി ഇന്ന് ഇറങ്ങുന്നു.!

October 12, 2022

author:

ഐ.എസ്.എൽ; എഫ്സി ഗോവ ആദ്യ അങ്കത്തിനായി ഇന്ന് ഇറങ്ങുന്നു.!

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. ലീഗിലെ കിരീട ഫേവറേറ്റ്സുകളിൽ ഒന്നെന്ന് വിശേഷിപ്പിക്കുന്ന എഫ്സി ഗോവ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനായി ഇറങ്ങുകയാണ്. എതിരാളികൾ ഈസ്റ്റ് ബംഗാൾ. വൈകിട്ട് 7.30 നാണ് മത്സരത്തിൻ്റെ കിക്ക്ഓഫ്. ഗോവയുടെ കളി കാണുവാൻ അവരുടെ ആരാധകർ കാത്തിരിക്കുന്നത് പോലെ തന്നെ മലയാളികളും കാത്തിരിക്കുന്നുണ്ടാവും. കാരണം, കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ മുന്നേറ്റനിരയിലെ കുന്തമുനയായിരുന്ന അൽവാരോ വാസ്‌ക്കസ് ഇത്തവണ കൂടുമാറി പോയിരിക്കുന്നത് ഗോവയിലേക്കാണ്. അതുകൊണ്ടുതന്നെ വാസ്‌ക്കസിൻ്റെ ഗോവൻ ജഴ്‌സിയിലെ കളി കാണുവാൻ ബ്ലാസ്റ്റേഴ്സ് ആരാധകരും കാത്തിരിക്കുന്നുണ്ടാവും.

വാസ്‌ക്കസിന് കൂട്ടായി 2 സ്പാനിഷ് താരങ്ങൾ കൂടി ഗോവൻ നിരയിലുണ്ട്. ഫോർവേർഡ് ആയ ഇകേർ ഗുവറോട്ക്സെന, മിഡ്ഫീൽഡർ എഡു ബേഡിയ തുടങ്ങിയ താരങ്ങളും സ്പെയിനിൽ നിന്നുള്ളവരാണ്. ഇവരോടൊപ്പം ബ്രണ്ടൻ ഫെർണാണ്ടസ്, ഗ്ലാൻ മാർട്ടിൻസ്, മൊഹമ്മദ് നെമിൽ തുടങ്ങിയ ഇന്ത്യൻ താരങ്ങളും കൂടി ചേരുമ്പോൾ ഗോവൻ ആക്രമണത്തിന് തടയിടുകയെന്നത് ഈസ്റ്റ്ബംഗാളിനെ സമ്പന്ധിച്ച് ബുദ്ധിമുട്ടാകും. മറുവശത്ത് അലക്സ് ലിമ, ക്ലെയ്റ്റൺ സിൽവ തുടങ്ങിയ ഐഎസ്എല്ലിൽ കഴിവുതെളിയിച്ച താരങ്ങൾ ഈസ്റ്റ് ബംഗാളിലുമുണ്ട്. അതോടൊപ്പം കളി നടക്കുന്നത് ഈസ്റ്റ് ബംഗാളിൻ്റെ മൈതാനത്ത് കൂടിയാണ്. അതുകൊണ്ടുതന്നെ വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് കാണുവാൻ സാധിക്കും. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനോടേറ്റ പരാജയത്തിൽ നിന്നും പാഠം ഉൾകൊണ്ടാവും സ്റ്റീഫൻ കൺസ്റ്റൻ്റെയ്ൻ്റെയും സംഘത്തിൻ്റെയും വരവ്. എന്തായാലും ഈയൊരു വാശിയേറിയ പോരാട്ടത്തിനായി നമുക്ക് കാത്തിരിക്കാം.

Leave a comment