EPL 2022 European Football Foot Ball Top News

കത്തിച്ചില്ല; കത്തി ചാമ്പലായി.! യുണൈറ്റഡിനെ തകർത്തെറിഞ്ഞ് സിറ്റി.

October 2, 2022

author:

കത്തിച്ചില്ല; കത്തി ചാമ്പലായി.! യുണൈറ്റഡിനെ തകർത്തെറിഞ്ഞ് സിറ്റി.

പ്രീമിയർ ലീഗിൽ അല്പം മുമ്പ് നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിക്ക് തകർപ്പൻ വിജയം. മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് സിറ്റി യുണൈറ്റഡിനെ പഞ്ഞിക്കിട്ടത്. മത്സരത്തിൽ ഹാലണ്ടും ഫോഡനും ഹാട്രിക് സ്വന്തമാക്കി. യുണൈറ്റഡിനായി ആൻ്റണി ഒരു ഗോൾ നേടിയപ്പോൾ സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങിയ മാർഷ്യൽ ഇരട്ട ഗോളുകൾ നേടി. 8ആം മിനിറ്റിൽ ഫിൽ ഫോഡനാണ് ഗോളടിക്ക് തുടക്കമിട്ടത്. ബെർണാഡോ സിൽവയുടെ ക്രോസിൽ നിന്നുമാണ് ഫോഡൻ വലകുലുക്കിയത്. പിന്നീട് 34ആം മിനിറ്റിൽ ഒരു കോർണറിൽ നിന്നും തകർപ്പൻ ഹെഡ്ഡിലൂടെ ഹാലണ്ട് സിറ്റിയുടെ രണ്ടാം ഗോൾ സ്വന്തമാക്കി. വെറും മൂന്ന് മിനിറ്റിൻ്റെ വ്യത്യാസത്തിൽ സിറ്റി മൂന്നാം ഗോളും സ്വന്തമാക്കി. ഇത്തവണ ഡിബ്രുയ്ൻ്റെ ബോക്സിന് ഉള്ളിലേക്ക് ഉള്ളൊരു തകർപ്പൻ ക്രോസ്സ് അതിലും മികച്ചൊരു ഫിനിഷിലൂടെ ഹാലണ്ട് ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ 44ആം മിനിറ്റിൽ ഹാലണ്ട്-ഫോഡൻ കൂട്ടുകെട്ടിൽ സിറ്റിയുടെ നാലാം ഗോൾ പിറന്നു. ഹാലണ്ടിൻ്റെ ക്രോസിൽ നിന്നും ഫോഡനാണ് സ്കോർ ചെയ്തത്. അതോടെ ആദ്യ പകുതി 4-0 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ തന്നെ 56ആം മിനിറ്റിൽ ആൻ്റണിയിലൂടെ യുണൈറ്റഡ് ഒരു ഗോൾ മടക്കി. ബോക്സിന് വെളിയിൽ നിന്നും ഒരു കർവിങ് ഷോട്ടിലൂടെയാണ് ആൻ്റണി ഗോൾ നേടിയത്. എന്നാൽ അതുകൊണ്ടൊന്നും സിറ്റി അടങ്ങിയില്ല. 64ആം മിനിറ്റിൽ ഹാലണ്ട് പ്രീമിയർ ലീഗിലെ തൻ്റെ 3ആം ഹാട്രിക് പൂർത്തിയാക്കി. ഗോമസിൻ്റെ ഒരു ക്രോസിൽ നിന്നും ഭംഗിയുള്ളൊരു ഫിനിഷിലൂടെ താരം പന്ത് വലയിലാക്കി. 8 മിനിട്ടുകൾക്ക് ശേഷം ഫോഡനും തൻ്റെ ഹാട്രിക് പൂർത്തിയാക്കി. ഇത്തവണയും അസിസ്റ്റ് നൽകിയത് സാക്ഷാൽ ഹാലണ്ട് തന്നെയായിരുന്നു. അതോടെ മത്സരത്തിൽ 5 ഗോൾ പങ്കാളിത്തങ്ങൾ കണ്ടെത്തുവാൻ താരത്തിനായി. അതിനു പുറകെ തന്നെ പെപ് തങ്ങളുടെ സബ്സ്റ്റിറ്റ്യൂഷൻ മുഴുവനായി പൂർത്തീകരിച്ചു. പിന്നീട് ആയിരുന്നു യുണൈറ്റഡിൻ്റെ 2 ഗോളുകളും പിറന്നത്.

84 ആം മിനിറ്റിൽ സബ് ആയി കളത്തിലെത്തിയ ആൻ്റണി മാർഷ്യലാണ് യുണൈറ്റഡിൻ്റെ രണ്ടാം ഗോൾ സ്വന്തമാക്കിയത്. ഫ്രെഡിൻ്റെ ഒരു പവർഫുൾ ഷോട്ട് എഡേഴ്സൺ തട്ടിയിട്ടത് ഒരു ഹെഡ്ഡറിലൂടെ മാർഷ്യൽ വലയിലാക്കുകയായിരുന്നു. അതിന് ശേഷം മാർഷ്യലിനെ ബോക്സിൽ വീഴ്ത്തിയതിന് യുണൈറ്റഡിന് അനുകൂലമായി പെനൽറ്റി ലഭിച്ചു. കിക്ക് എടുത്ത മാർഷ്യലിന് പിഴച്ചില്ല. ഗോളിക്ക് ഒരു സാധ്യത പോലും നൽകാതെ പന്ത് വലയിൽ. ഇതോടെ ഗോൾവർഷത്തിനു വിരാമമായി. സ്കോർ 6-3. പ്രീമിയർ ലീഗിൽ തുടർച്ചയായ 3 ഹോം മത്സരങ്ങളിൽ ഹാട്രിക് നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഹാലണ്ട് സ്വന്തമാക്കി. 8 ലീഗ് മത്സരങ്ങളിൽ നിന്നും 14 ഗോളുകളും 4 അസിസ്റ്റുകളുമാണ് ഹാലണ്ട് ഇതുവരെ സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്. ഗോൾ പങ്കാളിത്തം 18. അമ്പരിപ്പിക്കുന്ന കണക്കുകൾ തന്നെയാണിത്. സിറ്റിയുടെ ആക്രമണങ്ങളുടെ കുന്തമുന സാക്ഷാൽ ഡിബ്രുയ്ൻ തന്നെയായിരുന്നു. സബ്സ്റ്റിറ്റ്യൂട്ട് ആയിട്ടുപോലും ക്രിസ്റ്റ്യാനോയെ കളത്തിൽ ഇറക്കാതിരുന്നത് ആരാധകരെ നിരാശയിലാക്കി.

8 മത്സരങ്ങൾ പൂർത്തിയാക്കിയ സിറ്റി 20 പോയിൻ്റുമായി ടേബിളിൽ രണ്ടാം സ്ഥാനത്താണ്. യുണൈറ്റഡ് ആകട്ടെ 7 കളികളിൽ നിന്നും 12 പോയിൻ്റുമായി 6ആം സ്ഥാനത്തും. എത്തിഹാദ് സ്റ്റേഡിയം കത്തിക്കുവാൻ പോയി ഒടുവിൽ സ്വയം കത്തി ചാമ്പലാകുവാൻ ആയിരുന്നു ടെൻഹാഗിൻ്റെയും സംഘത്തിൻ്റെയും യോഗം.

Leave a comment