European Football Foot Ball Top News

മെസ്സി ഫ്രീകിക്ക് വീണ്ടും; പിഎസ്ജിയ്ക്ക് വിജയം.!

October 2, 2022

author:

മെസ്സി ഫ്രീകിക്ക് വീണ്ടും; പിഎസ്ജിയ്ക്ക് വിജയം.!

തുടർച്ചയായ രണ്ടാം മത്സരത്തിലും മെസ്സി ഫ്രീകിക്ക് വഴി ഗോൾ നേടിയ മത്സരത്തിൽ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയ്ക്ക് വിജയം. പാർക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നീസിനെയാണ് ഗാൾട്ടിയെറും സംഘവും പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എമ്പാപ്പെയുമാണ് പിഎസ്ജിയ്ക്കായി ഗോൾ നേടിയത്. കഴിഞ്ഞ അർജൻ്റീനയ്ക്ക് വേണ്ടിയുള്ള മത്സരത്തിൽ ഫ്രികിക്കിലൂടെ ഗോൾ നേടിയ മെസ്സി ഇന്നത്തെ മത്സരത്തിലും ഒരു തകർപ്പൻ ഫ്രീകിക്ക് ഗോളിലൂടെയാണ് പാരീസിന് ലീഡ് നേടികൊടുത്തത്.

ആദ്യ പകുതിയുടെ 29ആം മിനിറ്റിലാണ് മെസ്സിയുടെ ഗോൾ പിറന്നത്. പന്തുമായി ഡ്രിബിൾ ചെയ്ത് മുമ്പോട്ട് കയറാൻ ശ്രമിച്ച മെസ്സിയെ ബോക്സിന് തൊട്ടുവെളിയിൽ വെച്ച് നീസ് പ്രതിരോധ താരം ഡാൻ്റെ ഫൗൾ ചെയ്തു വീഴ്ത്തി. ഇതിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിലെത്തിക്കാൻ താരത്തിനായി. പന്ത് പ്രതിരോധ മതിലിനു മുകളിലൂടെ പോസ്റ്റിൻ്റെ വലത്തേ മൂലയിലേക്ക് പറന്നിറങ്ങി. ഒന്നു ചാടി നോക്കുവാൻ കൂടി കഴിയാതെ വെറും കാഴ്ചക്കാരൻ ആയി നിക്കുവാൻ മാത്രമേ നീസ് ഗോൾകീപ്പർക്ക് ആയുള്ളൂ. ഈയൊരു ഗോളിൻ്റെ ആനുകൂല്യത്തിൽ 1-0 എന്ന സ്കോറിന് പിഎസ്ജി ആദ്യ പകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതി ആരംഭിച്ച് 2 മിനിറ്റ് തികഞ്ഞപ്പോഴേക്കും നീസ് തിരിച്ചടിച്ചു. ഫോർവേർഡ് താരമായ ഗയ്റ്റൻ ലബോർഡ് ആണ് നീസിനായി ഗോൾ സ്കോർ ചെയ്തത്. അതോടെ കളി 1-1 എന്ന നിലയിലേക്ക് മാറി. ശേഷം കിണഞ്ഞു ശ്രമിച്ചെങ്കിലും 83 മിനിട്ടുവരെ ഗോളുകൾ ഒന്നും കണ്ടെത്താൻ പാരീസിനായില്ല. അങ്ങനെ അവസാനം ഹാകിമി നൽകിയ ത്രൂ ബോളിൽ മുമ്പിലേക്ക് ഓടി കയറിയ നോർഡി മുകിയേല ഒരു മൈനസ് ക്രോസിൽ പന്ത് എമ്പാപ്പെയ്ക്ക് നൽകി. ഒരു മികച്ച ഫിനിഷിലൂടെ കിലിയാൻ പന്ത് വലയിലാക്കി. സ്കോർ 2-1. തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വന്നതിനാൽ എമ്പാപ്പെയ്ക്ക് ആദ്യ ഇലവനിൽ നിന്നും ഗാൾട്ടിയർ വിശ്രമം നൽകിയിരുന്നു. രണ്ടാം പകുതിയിലാണ് താരം കളത്തിലിറങ്ങിയത്. അങ്ങനെ ടീമിൻ്റെ വിജയഗോൾ കണ്ടെത്തുവാനും താരത്തിനായി.

ഈയൊരു വിജയത്തോടെ 9 മത്സരങ്ങളിൽ നിന്നും 25 പോയിൻ്റുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ പിഎസ്ജിയ്ക്കായി. അത്രയും കളികളിൽ നിന്നും 8 പോയിൻ്റ് മാത്രം നേടാനായ നീസ് 13ആം സ്ഥാനത്താണ്.

Leave a comment