Cricket Cricket-International Top News

ക്രിക്കറ്റ് നിയമങ്ങളിൽ മാറ്റം, പുതിയ തീരുമാനങ്ങൾ ഇങ്ങനെ

September 20, 2022

author:

ക്രിക്കറ്റ് നിയമങ്ങളിൽ മാറ്റം, പുതിയ തീരുമാനങ്ങൾ ഇങ്ങനെ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്ന് ഐസിസി. ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാവര്‍ത്തികമാകുന്ന നിയമ പ്രകാരം പന്തില്‍ തുപ്പല്‍ പുരട്ടാനാകില്ല. ഐസിസി ചീഫ് എക്സിക്യുട്ടീവ് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പുതിയ തീരുമാനം.

കൊവിഡ് മൂലം പന്തില്‍ തുപ്പല്‍ പുരട്ടാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അനുമതി നല്കിയിരുന്നില്ല. ഈ പരിഷ്‌കാരങ്ങള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാവര്‍ത്തികമാകും. ക്രിക്കറ്റില്‍ സാധാരണയായി ബാറ്റര്‍ ക്യാച്ചെടുത്ത് പുറത്താകുമ്പോള്‍ നോണ്‍ സ്‌ട്രൈക്കറിലുള്ള ബാറ്റര്‍ പിച്ചിന്റെ പകുതി പിന്നിട്ടാല്‍ സ്‌ട്രൈക്ക് കിട്ടുമായിരുന്നു. ഈ നിയമത്തില്‍ പരിഷ്‌കാരം വന്നു.

നോണ്‍സ്‌ട്രൈക്കര്‍ ബാറ്റര്‍ ഓടി മറുക്രീസിലെത്തിയാലും പുതുതായി വരുന്ന ബാറ്റര്‍ തന്നെ അടുത്ത പന്ത് അഭിമുഖീകരിക്കണമെന്നാണ് ഐസിസിയുടെ പുതിയ ചട്ടം. പുതുതായി ക്രീസിലെത്തുന്ന ബാറ്റര്‍ രണ്ട് മിനിറ്റിനകം പന്ത് അഭിമുഖീകരിക്കണം. ടെസ്റ്റിലും ഏകദിനത്തിലുമാണ് ഈ നിയമമുള്ളത്. ട്വന്റി 20യില്‍ ഇത് 90 സെക്കന്‍ഡാണ്.

ബാറ്റര്‍ക്ക് പിച്ചില്‍ നിന്നുകൊണ്ടുമാത്രമെ ഇനി ബാറ്റ് ചെയ്യാന്‍ സാധിക്കൂ. ചില ബോളുകള്‍ നേരിടാനായി ബാറ്റര്‍മാര്‍ പിച്ചിന് പുറത്തേക്ക് പോകാറുണ്ട്. ഇനി മുതല്‍ അത് അനുവദിക്കില്ല. ബാറ്ററെ പുറത്തിറങ്ങി കളിക്കാന്‍ നിര്‍ബന്ധിക്കുന്ന ഇത്തരം പന്തുകളെ ഇനി മുതല്‍ നോ ബോളായാണ് പരിഗണിക്കുക.

മങ്കാദിങിനെ ഇനി മുതല്‍ സാധാരണ റണ്‍ ഔട്ടായിട്ട് പരിഗണിക്കാനും തീരുമാനമായി. ബൗളര്‍ പന്തെറിയാന്‍ വരുന്നതിന് മുമ്പ് നോണ്‍ സ്ട്രൈക്കര്‍ ബാറ്റര്‍ പുറത്ത് ഇറങ്ങിയാല്‍ ബൗളര്‍ക്ക് ബോള്‍ എറിഞ്ഞ് പുറത്താക്കാമായിരുന്നു. ബൗളറുടെ ശ്രദ്ധ തെറ്റിക്കാന്‍ ബാറ്ററോ ടീം അംഗങ്ങളോ ശ്രമിച്ചാല്‍ ബാറ്റിങ്ങ് ടീമിന്റെ സ്‌കോറില്‍ നിന്ന് അഞ്ച് റണ്‍സ് കുറയ്ക്കും.

Leave a comment