European Football Foot Ball Top News

ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും; പിഎസ്ജിയും യുവൻ്റസും നേർക്കുനേർ.!

September 6, 2022

author:

ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും; പിഎസ്ജിയും യുവൻ്റസും നേർക്കുനേർ.!

യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ 2022/23 എഡിഷന് ഇന്ന് തുടക്കം കുറിക്കുകയാണ്. ആദ്യ ദിനത്തിൽ തന്നെ തീപാറുന്ന പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയെ നേരിടുന്നത് ഇറ്റാലിയൻ വമ്പന്മാരായ യുവൻ്റസാണ്. ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി 12.30 ന് പിഎസ്ജിയുടെ മൈതാനമായ പാർക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിൻ്റെ ആനുകൂല്യം ഫ്രഞ്ച് ടീമിനുണ്ട്. അതോടൊപ്പം MNM കൂടി ഫോം ആയാൽ പിഎസ്ജിയെ പിടിച്ചുകെട്ടാൻ മാകിസിമിലിയാനോ അലഗ്രിയും സംഘവും നന്നേ വിയർക്കും.

അർജൻ്റൈൻ താരങ്ങളായ ഏയ്ഞ്ചൽ ഡി മരിയയും ലിയാൻഡ്രോ പരേഡസും പിഎസ്ജി വിട്ടുകൊണ്ട് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യുവെൻ്റസിൽ ചേർന്നിരുന്നു. അതിനു ശേഷം ഇരുവരും മുൻ ടീമിനെതിരെ കളിക്കുന്ന മത്സരം എന്ന പ്രത്യേകത കൂടി ഇന്നത്തെ പിഎസ്ജി-യുവൻ്റസ് പോരാട്ടത്തിനുണ്ട്. MNM ത്രയത്തിൽ തന്നെയാണ് പിഎസ്ജിയുടെ പ്രതീക്ഷകളൊക്കെയും. അതെ സമയം ഡ്യുസൻ വ്ലഹോവിച്ച്, ഡി മരിയ തുടങ്ങിയ താരങ്ങൾ അടങ്ങുന്ന യുവൻ്റസ് മുന്നേറ്റ നിര അത്ര മോശമൊന്നുമല്ല. എന്തായാലും നിലവിലെ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ വേണമെങ്കിൽ ഇന്നത്തെ മത്സരത്തെ പിഎസ്ജി മുന്നേറ്റനിരയും യുവൻ്റസ് പ്രതിരോധനിരയും തമ്മിലുള്ള പോരാട്ടം എന്ന് വിശേഷിപ്പിക്കാം.

Leave a comment