Cricket Top News

ബംഗ്ലാദേശിനെയും തകർത്തെറിഞ്ഞ് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി അഫ്ഗാനിസ്ഥാൻ.!

August 30, 2022

ബംഗ്ലാദേശിനെയും തകർത്തെറിഞ്ഞ് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി അഫ്ഗാനിസ്ഥാൻ.!

ഏഷ്യാകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയെ അഫ്ഗാനിസ്ഥാൻ 8 വിക്കറ്റിന് ദയനീയമായി പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ബംഗ്ലാദേശിനെതിരെയും അതെ മികവ് പുറത്തെടുത്തിരിക്കുകയാണ് അഫ്ഗാൻ. ഷാർജയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് നബിയും കൂട്ടരും വിജയിച്ചത്. ഇതോടെ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറുവാൻ അഫ്ഗാന് സാധിച്ചു.

ടോസ് നേടിയ നബി ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബൗളിംഗിന് അനുകൂലമായ പിച്ചിൽ ബംഗ്ലാദേശ് തുടക്കം മുതലേ പരുങ്ങി. സ്പിന്നർമാരായ മുജീബും റഷീദ് ഖാനും ചേർന്ന് ബംഗ്ലാദേശിനെ വലിഞ്ഞു മുറുകുകയായിരുന്നു. ഇരുവരും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. 89 ന് 6 എന്ന നിലയിൽ നിന്ന ബംഗ്ലാദേശിനെ 127 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത് മോസദ്ദേക്ക് ഹുസെയിനാണ് 48*(31).

128 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ അഫ്ഗാന് 15 റൺസ് ആയപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീട് 62 ന് 3 എന്ന നിലയിലായ അഫ്ഗാന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇബ്രാഹിം സാദ്രാനും നജീബുള്ള സാദ്രാനും ചേർന്ന് കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഇബ്രാഹിം 41 ബോളിൽ 42 റൺസ് നേടിയപ്പോൾ മറുവശത്ത് നജീബുള്ള വെടിക്കെട്ട് നടത്തി. 17 ബോളിൽ 6 സിക്‌സർ സഹിതം 43 റൺസ് ആണ് താരം നേടിയത്. 69 റൺസാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നത്. ഇതോടെ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടുവാൻ അഫ്ഗാനായി. മുജീബ് ഉർ റഹ്മാനാണ് കളിയിലെ താരം.

Leave a comment