ലിസാൻഡ്രോ മാര്‍ട്ടിനസിന്റെ വരവ് പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
അയാക്‌സിന്റെ അര്‍ജന്റൈന്‍ താരം ലിസാൻഡ്രോ മാര്‍ട്ടിനസിനെ സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. സെന്റര്‍ ബാക്കായും ഫുള്‍ ബാക്കായും ഹോള്‍ഡിങ് മിഡ്ഫീല്‍ഡറുടെ റോളിലും കളിക്കാന്‍ കഴിയുന്ന താരത്തിനെ 46.5 മില്യൺ പൗണ്ട് നൽകിയാണ് ഓൾഡ് ട്രാഫോർഡിൽ എത്തിച്ചിരിക്കുന്നത്.
യുണൈറ്റഡുമായി അഞ്ചു വർഷത്തെ കരാറിലാണ് മാര്‍ട്ടിനസ് ഒപ്പുവെച്ചിരിക്കുന്നത്. തുടർന്ന് കരാർ ഒരു വർഷത്തേക്ക് നീട്ടാനും ധാരണയുണ്ട്. അയാക്‌സിനായി 118 മത്സരങ്ങൾ കളിച്ച മാർട്ടിനെസ് പോയ സീസണിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ചതും എറിക് ടെൻ ഹാഗിന്റെ യുണൈറ്റഡിലേക്കുള്ള വരവുമാണ് റെഡ് ഡെവിൾസിന്റെ കണ്ണുടക്കാൻ കാരണമായത്.
കഴിഞ്ഞ മൂന്ന് സീസണുകൾ അയാക്‌സിൽ ടെൻ ഹാഗിന് കീഴിൽ മാർട്ടിനെസ് ഗംഭീര പ്രകടനങ്ങൾ പുറത്തെടുത്തിരുന്നു. ഈ മഹത്തായ ഫുട്ബോൾ ക്ലബ്ബിൽ ചേരാൻ കഴിഞ്ഞത് അഭിമാനകരമാണ്. ഈ നിമിഷത്തിലെത്താൻ ഞാൻ വളരെ കഠിനാധ്വാനം ചെയ്തുവെന്നും ലിസാൻഡ്രോ പറഞ്ഞു.