ദുലീപ് ട്രോഫിയും ഇറാനി കപ്പും തിരികെ കൊണ്ടുവരാൻ ബിസിസിഐ
സെപ്റ്റംബർ ആദ്യം ആരംഭിക്കാനിരിക്കുന്ന 2022-23 സീസണിലേക്ക് സോണൽ ഫോർമാറ്റിൽ ദുലീപ് ട്രോഫിയും ഇറാനി കപ്പും തിരികെ കൊണ്ടുവരാൻ ബിസിസിഐ തയാറെടുക്കുന്നു. ഈ വരാനിരിക്കുന്ന സീസണിൽ ബോർഡ് നിരവധി വനിതാ മത്സരങ്ങളും ചേർത്തിട്ടുണ്ട്.
2022 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയിൽ താൽകാലികമായി നിശ്ചയിച്ചിരിക്കുന്ന രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ടി20 (ഒക്ടോബർ-നവംബർ), വിജയ് ഹസാരെ ട്രോഫി (നവംബർ-ഡിസംബർ) എന്നിവയ്ക്ക് പിന്നാലെയായിരിക്കും ദുലീപ് ട്രോഫിയും ഇറാനി കപ്പും തിരികെയെത്തുകയെന്നാണ് വാർത്തകൾ.
നാല് എലൈറ്റ് പൂളുകളും ഒരു പ്ലേറ്റ് ഡിവിഷനും ഉള്ള ഇന്ത്യയുടെ മുൻനിര ഫസ്റ്റ് ക്ലാസ് മത്സരം പഴയ ഫോർമാറ്റിലേക്ക് മാറും. ഒരു എലൈറ്റ് ടീമിന് കുറഞ്ഞത് ഏഴ് ഗ്രൂപ്പ് ഗെയിമുകളെങ്കിലും ലഭിക്കാൻ സാധ്യതയുണ്ട്. കൊവിഡ്-19 മഹാമാരി കാരണം 2020-21 ൽ ബിസിസിഐയ്ക്ക് ആദ്യമായി രഞ്ജി ട്രോഫി പൂർണമായും ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഇത് അടുത്ത സീസണിൽ തിരിച്ചെത്തിയെങ്കിലും വെട്ടിച്ചുരുക്കിയ സമയക്രമത്തിലാണ് നടന്നത്. ഫൈനലിൽ മുംബൈയെ തോൽപ്പിച്ച് മധ്യപ്രദേശ് അവരുടെ ആദ്യ ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തിരുന്നു.