പുരുഷ – വനിതാ താരങ്ങള്‍ക്ക് തുല്യവേതനമെന്ന ചരിത്രപരമായ തീരുമാനവുമായി ന്യൂസീലന്‍ഡ് ക്രിക്കറ്റ്
പുരുഷ – വനിതാ താരങ്ങള്‍ക്ക് തുല്യവേതനമെന്ന ചരിത്രപരമായ തീരുമാനവുമായി ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. ചരിത്രലിദ്യമായാണ് പുരുഷ- വനിതാ താരങ്ങള്‍ക്ക് ഒരേ തരത്തില്‍ പ്രതിഫലം നല്കാന് ക്രിക്കറ്റ് ലോകം ഒരുങ്ങുന്നത്.
ഇതുസംബന്ധിച്ച് കളിക്കാരുടെ സംഘടനയും സ്പോര്‍ട്സ് ഗവേണിങ് ബോഡിയും തമ്മില്‍ അഞ്ചു വര്‍ഷത്തെ പ്രത്യേക ഉടമ്പടിയില്‍ ഒപ്പിട്ടു. എല്ലാ ഫോര്‍മാറ്റിലെ താരങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കുമെന്നാണ് കരാറിൽ പറയുന്നത്. ഇതോടെ ന്യൂസീലന്‍ഡില്‍ ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും കളിക്കുന്ന വനിതാ താരങ്ങള്‍ക്ക് പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന അതേ വേതനം ലഭിക്കും.
ഈ ഉടമ്പടി നിലവില്‍വരുന്നതോടെ ആഭ്യന്തര തലത്തില്‍ വനിതാ താരങ്ങളുടെ കരാറുകള്‍ 54-ല്‍ നിന്ന് 72 ആയി ഉയരും. കളിച്ച മത്സരങ്ങളുടെ എണ്ണം, മത്സരിച്ച ഫോര്‍മാറ്റുകള്‍, പരിശീലനത്തിനും കളിക്കുന്നതിനും ചെലവഴിച്ച സമയം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പ്രതിഫലം നിര്‍ണയിക്കുക. കരാര്‍ അനുസരിച്ച്, വനിതകളുടെ ആഭ്യന്തര കരാറുകളുടെ എണ്ണം 54ല്‍ നിന്ന് 72 ആയി വര്‍ധിക്കും. ഇത് പുരുഷ, വനിതാ താരങ്ങള്‍ക്ക് ഒരേ തരത്തില്‍ ബാധകമായിരിക്കും.
ഓഗസ്റ്റ് ഒന്നു മുതല്‍ ഈ കരാര്‍ നിലവില്‍ വരും. തുല്യ വേതനം കൂടാതെ ഈ കരാറിലൂടെ പ്രൊഫഷണല്‍ പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന യാത്ര, താമസം, പരിശീലന അന്തരീക്ഷം തുടങ്ങിയവയും അതേപടി വനിതാ താരങ്ങള്‍ക്കും ലഭ്യമാകും.