രോഹിത്തിന്റെ അഭാവത്തിൽ പൂജാരയോ വിഹാരിയോ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ എത്തണമെന്ന് അജിത് അഗാർക്കർ
ജൂലൈ ഒന്നിന് എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ പുനഃക്രമീകരിച്ച അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ചേതേശ്വർ പൂജാരയോ ഹനുമ വിഹാരിയോ ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്ന അഭിപ്രായമുയർത്തി മുൻ ഓൾറൗണ്ടർ അജിത് അഗാർക്കർ. ക്യാപ്റ്റൻ രോഹിത് ശർമ്മ കൊവിഡ്-19 പോസിറ്റീവായി പുറത്തായ സാഹചര്യത്തിലാണ് പുതിയ ഓപ്പണറെ പരീക്ഷിക്കണമെന്ന അഭിപ്രായവുമായി മുൻതാരം രംഗത്തെത്തിയിരിക്കുന്നത്.
രോഹിത്തിന് അവസാന ടെസ്റ്റിൽ കളിക്കാനായേക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് വ്യത്യസ്ത അഭിപ്രായവുമായി അഗാർക്കർ രംഗത്തെത്തിയത്. പരമ്പര നേട്ടം കൈവരിക്കാൻ നിർണായകമായ ടെസ്റ്റിൽ കുറച്ചുകൂടി അനുഭവപരിചയത്തോടെ ഇറങ്ങുന്നതാണ് നല്ലതെന്നതിനാലാണ് വിഹാരിയെയോ പൂജാരയെയോ പരീക്ഷിക്കാൻ തയാറാകണമെന്ന് അഗാർക്കർ പറയുന്നത്.
യഥാക്രമം മൂന്നാമനായും ആറാമനായും ബാറിംഗിനിറങ്ങുന്ന പൂജാരയും വിഹാരിയും താൽക്കാലിക ഓപ്പണർമാരാണെങ്കിലും ഓപ്പണിംഗ് സ്ലോട്ടിൽ കെഎസ് ഭരത്, മായങ്ക് അഗർവാൾ തുടങ്ങിയവരെയും ഇന്ത്യയ്ക്ക് ഇറക്കാനാവും. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ മാറ്റി വെയ്ക്കപ്പെട്ട അവസാന ടെസ്റ്റാണ് എഡ്ജ്ബാസ്റ്റണില് ഒന്നാം തീയതി ആരംഭിക്കുന്നത്. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. പരമ്പരയില്‍ ഇന്ത്യയുടെ ലീഡിംഗ് റണ്‍ സ്കോറർ കൂടിയാണ് നായകൻ.