ഫിഫ അണ്ടര്‍-17 വനിതാ ലോകകപ്പിന്റെ ഗ്രൂപ്പുകളായി, ഇന്ത്യ മരണ ഗ്രൂപ്പിൽ
ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഫിഫ അണ്ടര്‍-17 വനിതാ ലോകകപ്പിന്റെ ഗ്രൂപ്പുകളായി. ഗ്രൂപ്പ് എയില്‍ ശക്തരായ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. യുഎസ്എ, ബ്രസീല്‍, മൊറോക്കോ എന്നിവരാണ് ഇന്ത്യയെ കൂടാതെ ഗ്രൂപ്പിലുള്ളത്. 2022 ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഒക്ടോബര്‍ 11 മുതല്‍ 30 വരെ ഇന്ത്യയിലെ മൂന്ന് വേദികളിലായാണ് നടക്കുന്നത്.
ഇന്ത്യ ഉള്‍പ്പെടെ 16 ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുന്നത്. ഒക്ടോബര്‍ 11-ന് യുഎസ്എക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആതിഥേയരെന്ന നിലയിലാണ് ഇന്ത്യ ടൂര്‍ണമെന്റിന് യോഗ്യത നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യ ഫിഫ അണ്ടര്‍-17 വനിതാ ലോകകപ്പിന് യോഗ്യത നേടുന്നത് എന്നതും ശ്രദ്ധേയമാണ്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ഗോവ, നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാവുന്നത്.