ഇംഗ്ലീഷ് ടി20 ബ്ലാസ്റ്റിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ കളിക്കാരനായി ലൂക്ക് റൈറ്റ്
ഇംഗ്ലീഷ് ടി20 ബ്ലാസ്റ്റിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ കളിക്കാരനായി ഇംഗ്ലണ്ട് ഓൾറൗണ്ടർ ലൂക്ക് റൈറ്റ്. കാർഡിഫിലെ സോഫിയ ഗാർഡൻസിൽ ഗ്ലാമോർഗനെതിരെ സൗത്ത് ഗ്രൂപ്പ് മത്സരത്തിൽ സസെക്സ് താരം 46 റൺസ് നേടിയതോടെയാണ് ഈ അപൂർവ നേട്ടം തന്നെ പേരിലാക്കിയത്.
എന്നാൽ മത്സരത്തിൽ സസെക്സ് നാല് വിക്കറ്റിന് കനത്ത തോൽവി ഏറ്റുവാങ്ങിയാണ് മടങ്ങിയത്. ഈ സീസണിലെ പത്ത് മത്സരങ്ങളിൽ നിന്നും വെറും മൂന്നു ജയവുമായി നിലവിൽ ആറ് പോയിന്റുമായി ലീഗ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ടീം. ഈ സീസണിൽ ഫോമിലേക്ക് ഉയരാൻ പാടുപെടുന്ന ലൂക്ക് റൈറ്റിന്റെ സീസണിലെ ഏറ്റവു ഉയർന്ന സ്കോറാണ് താരം ഇന്നു നേടിയത്. ഇതുവരെയുള്ള എട്ട് മത്സരങ്ങളിൽ നിന്ന് 129.50 സ്ട്രൈക്ക് റേറ്റിൽ 158 റൺസ് മാത്രമാണ് ലൂക്ക് നേടിയിട്ടുള്ളത്.
2004-ൽ ഷാർക്കിലാണ് ലൂക്ക് റൈറ്റ് ഇംഗ്ലീഷ് ടി20 ബ്ലാസ്റ്റിൽ അരങ്ങേറ്റം നടത്തുന്നത്. 37 കാരനായ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ടൂർണമെന്റിന്റെ ചരിത്രത്തിൽ 180 മത്സരങ്ങളിൽ നിന്ന് 32.84 ശരാശരിയിലും 148.47 സ്ട്രൈക്ക് റേറ്റിലും 5026 റൺസാണ് നേടിയിരിക്കുന്നത്. മൊത്തത്തിൽ 344 ആഭ്യന്തര ടി20 മത്സരങ്ങളിൽ നിന്ന് ഏഴ് സെഞ്ചുറികളുടെയും 46 അർധസെഞ്ചുറികളുടെയും സഹായത്തോടെ 8526 റൺസും താരം നേടിയിട്ടുണ്ട്.