പരിശീലകസ്ഥാനത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ച് സിദാൻ
പരിശീലകസ്ഥാനത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുണ്ടെന്ന് വെളിപ്പെടുത്തി ഇതിഹാസ താരവും മുൻ റയൽ മാഡ്രിഡ് പരിശീലകനുമായ സിനദിൻ സിദാൻ. 2020/21 സീസണിന്റെ അവസാനം റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞതിന് ശേഷം ഒരുടീമിനെയും സിദാൻ ഇത് വരെ പരിശീലിപ്പിച്ചിട്ടില്ല. അടുത്തിടെ പിഎസ്ജിയുടെ മുഖ്യ കോച്ചിംഗ് സ്ഥാനത്തേക്ക് സിദാനെ പരിഗണിച്ചിരുന്നെങ്കിലും താരം അവസരം നിഷേദിച്ചിരുന്നു.
ടെലെഫൂട്ടിന് നല്കിയ അഭിമുഖത്തിലാണ് സിദാന് വീണ്ടും പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം വെളിപ്പെടുത്തിയത്. എന്നാൽ ഫ്രഞ്ച് നാഷണൽ ടീമിന്റെ പരിശീലകനായി എത്താനാണ് സിദാന്റെ ആഗ്രഹമെന്നാണ് റിപ്പോർട്ടുകൾ. 2022 ഫിഫ ലോകകപ്പ് കഴിയുന്നതോടെ നിലവിലെ പരിശീലകനായ ദിദിയർ ദെഷാംപ്സിന്റെ കരാർ അവസാനിക്കുകയും ചെയ്യും.
ഈ അവസരത്തിൽ മുൻ ഇതിഹാസ താരത്തെ പരിശീലകനാക്കാൻ ഫ്രഞ്ച് ടീമും താത്പര്യപ്പെട്ടേക്കും. ദെഷാംപ്സ് കരാർ പുതുക്കുമോ എന്ന കാര്യം നിലവിൽ അവ്യക്തമാണ്. റയൽ മാഡ്രിഡിനൊപ്പം മികച്ച റെക്കോർഡുകൾ ഉള്ള സിദാന് അന്താരാഷ്ട്ര ടീമിന്റെ പരിശീലക സ്ഥാനത്ത് തിളങ്ങനാവുമെന്നാണ് വിലയിരുത്തൽ.