Cricket Cricket-International Top News

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെതർലൻഡ്‌സ് നായകൻ പീറ്റർ സീലാർ

June 20, 2022

author:

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെതർലൻഡ്‌സ് നായകൻ പീറ്റർ സീലാർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെതർലൻഡ്‌സിന്റെ പ്രമുഖ ഓൾറൗണ്ടറും നായകനുമായ പീറ്റർ സീലാർ. തുടർച്ചയായ പിന്തുടരുന്ന പരിക്കിനെത്തുടർന്നാണ് പാഡഴിക്കാൻ തീരുമാനിച്ചതെന്ന് താരം വിരമിക്കൽ വേളയിൽ അറിയിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ രണ്ട് അർധസെഞ്ചുറികൾ നേടിയ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ സ്കോട്ട് എഡ്വേർഡ്‌സായിരിക്കും ഇനി ഓറഞ്ചുപടയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുക.

കഴിഞ്ഞ രണ്ട് വർഷമായി നടുവേദനയെത്തുടർന്ന് താൻ വളരെയധികം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയാണെന്നും ഇതേ കാരണത്താൽ ക്രിക്കറ്റ് മൈതാനത്ത് തന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയില്ലെന്നും മുൻ നായകൻ സീലാർ വിരമിക്കൽ പ്രസ്താവനയിൽ പറഞ്ഞു. വെറ്ററൻ താരം പീറ്റർ ബോറൻ 2018 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് സീലാറിനെ നെതർലാൻഡ്‌സ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.

നെതർലാൻഡ്‌സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ടി20 താരം, ഇതേ ഫോർമാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം, ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ ഏകദിന താരം, തന്റെ രാജ്യത്തിനായി ഏറ്റവും കൂടുതൽ ഏകദിന വിക്കറ്റ് നേടിയ താരം എന്നീ റെക്കോർഡുകൾ സ്വന്തമാക്കിയാണ് മുൻ ഡച്ച് നായകൻ തന്റെ കരിയർ പൂർത്തിയാക്കുന്നത്.

34-കാരനായ പീറ്റർ സീലാർ മൂന്ന് ഫോർമാറ്റുകളിലുമായി 125-ലധികം മത്സരങ്ങളിൽ നെതർലാൻഡ്‌സിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. കൂടാതെ 2009, 2014 ടി20 ലോകകപ്പുകളിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ടീമിന്റെ ഭാഗമായിരുന്നുവെന്നതും കരിയറിലെ ശ്രദ്ധേയ നേട്ടങ്ങളാണ്.

Leave a comment