രക്ഷകരായി കാർത്തിക്കും പാണ്ഡ്യയും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 170 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ
ട്വന്റി 20 പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 170 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. 27 പന്തില്‍ 56 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ടാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഏഴു പന്തില്‍ നിന്ന് അഞ്ചു റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ റിതുരാജ് ഗെയ്ക്‌വാദ് (5), ശ്രേയസ് അയ്യർ (4) എന്നിവർ വേഗം മടങ്ങിയതോടെ ടീം സമ്മർദത്തിലാഴ്‌ന്നിരുന്നു. എന്നാൽ മറുവശത്ത് പവർപ്ലേയിൽ തകർത്തടിച്ച ഇഷാൻ കിഷനാണ് ഇന്ത്യക്ക് ആശ്വാസമായത്. ഒടുവില്‍ 26 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത കിഷനെ പവര്‍പ്ലേ ഓവറുകള്‍ അവസാനിച്ച ശേഷമുള്ള ആദ്യ പന്തില്‍ തന്നെ ആന്‍ റിച്ച് നോര്‍ക്യ മടക്കി പ്രോട്ടീസ് ബ്രേക്ക് ത്രൂ നൽകി.
നാലാം നമ്പറില്‍ ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍ റിഷഭ് പന്താണ് എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഹാര്‍ദ്ദിക് പാണ്ഡ്യയും റിഷഭ് പന്തും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ഇന്ത്യയെ 50 കടത്തിയെങ്കിലും സ്കോറിംഗ് വേഗം കുറഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി. പത്തോവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 56 റൺസെടുക്കാനെ കഴിഞ്ഞുരുന്നുള്ളൂ. 23 പന്തില്‍ 17 റണ്‍സ് മാത്രമായിരുന്നു പന്തും മടങ്ങിയതോടെ പ്രതീക്ഷയെല്ലാം കാർത്തിക്കിലും പാണ്ഡ്യയിലുമായി.
മുന്‍നിര പതറിയ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹാര്‍ദിക് പാണ്ഡ്യ – ദിനേഷ് കാര്‍ത്തിക്ക് സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയ 65 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്. പാണ്ഡ്യ 31 പന്തില്‍ 46 റൺസടിച്ചപ്പോൾ 27 പന്തില്‍ 56 റണ്‍സെടുത്ത് കാർത്തിക്കും കരുത്തുകാട്ടി. ദക്ഷിണാഫ്രിക്കക്കുവേണ്ടി ലുങ്കി എങ്കിഡി രണ്ട് വിക്കറ്റെടുത്തു.