മാനെയ്ക്കായി ലിവർപൂൾ ആവശ്യപ്പെടുന്ന തുക നൽകാൻ തയാറാണെന്ന് ബയേൺ
സാഡിയോ മാനെയ്ക്കായി ലിവർപൂൾ ആവശ്യപ്പെടുന്ന 42.5 മില്യൺ പൗണ്ട് നൽകാൻ തയാറാണെന്ന് അറിയിച്ച് ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്. മാനെയ്ക്കായി ബയേണ്‍ നല്‍കിയ ആദ്യ ഓഫര്‍ നിരസിച്ചതിനു പിന്നാലെയാണ് ആവശ്യപ്പെടുന്ന തുക നൽകി സെനഗൽ താരത്തെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.
ആദ്യ ഓഫർ സ്വീകരിച്ചില്ലെങ്കിലും ക്ലബുവിടാൻ ഒരുങ്ങി നിൽക്കുന്ന സെനഗലീസ് വിംഗറിനെ സ്വന്തമാക്കാനാവുമെന്ന വിശ്വാസത്തിലാണ് ജർമൻ ക്ലബ്. ലിവർപൂളിനായി 265 മത്സരങ്ങളിൽ സെനഗലീസ് 120 ഗോളുകളും 38 അസിസ്റ്റുകളും നേടിയിട്ടുള്ള മാനെ 2018-19 യുവേഫ ചാമ്പ്യൻസ് ലീഗ്, ഇപിഎൽ കാലഘട്ടത്തിലെ ആദ്യ ഇംഗ്ലീഷ് പ്രീമിയർ ലീഗ് (ഇപിഎൽ) കിരീടം എന്നീ നേട്ടങ്ങൾ സ്വന്തമാക്കാൻ ലിവർപൂളിനെ സഹായിച്ച താരങ്ങളിൽ പ്രമുഖനാണ്.
2016-ൽ സതാംപ്ടണിൽ നിന്നാണ് ലിവർപൂൾ സാഡിയോ മാനെയെ ആൻഫീൽഡിൽ എത്തിക്കുന്നത്. അതിനുശേഷമുള്ള ആറ് വർഷങ്ങളിൽ ലിവർപൂളിന് പ്രീമിയർ ലീഗിൽ എല്ലാ സീസണിലും ആദ്യ നാലിൽ ഇടം നേടാനും മൂന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ എത്താനും കഴിഞ്ഞിരുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിൽ ബയേണിൽ നിന്നും സൂപ്പർതാരം റോബർട്ട് ലെവൻഡോവ്‌സ്‌കിയും സെർജെ ഗ്നാബ്രിയും കൂടുമാറ്റത്തിന് ഒരുങ്ങുകയാണ്.