എർലിംഗ് ഹാലൻഡിനെ ക്ലബിലെത്തിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ സിറ്റി
സൂപ്പർ താരം എർലിംഗ് ഹാലൻഡിനെ ക്ലബിലെത്തിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രീമിയർ ലീഗ് ചാമ്പ്യൻമാർ മാഞ്ചസ്റ്റർ സിറ്റി. ഏതാണ്ട് 59 മില്യൻ പൗണ്ടിന്റെ റിലീസിംഗ് ക്ലോസ് നൽകിയാണ് യൂറോപ്പിലെ പ്രമുഖ ക്ലബുകളെല്ലാം നോട്ടമിട്ടിരുന്ന ഇരുപത്തിയൊന്ന് വയസുള്ള ബൊറൂസിയ ഡോർട്ട്മുണ്ട് താരത്തെ പെപ് ഗ്വാർഡിയോള ടീമിലെത്തിച്ചിരിക്കുന്നത്.
ഗ്രീസിൽ വെച്ച് ഒഴിവുകാലം ചിലവഴിക്കുന്നതിനിടെ മാഞ്ചസ്റ്റർ സിറ്റിയുടെ തന്നെ താരമായ റിയാദ് മഹ്റെസാണ് തന്നെ സിറ്റിയിലേക്ക് ക്ഷണിച്ചതെന്നും നോർവീജിയൻ താരം ഹാലൻഡ് വെളിപ്പെടുത്തുകയും ചെയ്തു. ഇക്കഴിഞ്ഞ സീസണിൽ ഒരു പ്രധാന സ്ട്രൈക്കറില്ലാതെ കളിച്ച മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ച് ഹാലൻഡിനെ പോലൊരു പ്ലേയർ ആദ്യ ഇലവനിൽ ഇറങ്ങുമ്പോൾ വലിയ നേട്ടമാണ്.
പോയ സീസണിലും ചാമ്പ്യൻസ് ലീഗ് നേടാതിരുന്നതോടെ ഹാൻഡിനെ എത്തിക്കുന്നതോടെ ആദ്യ യുസിഎൽ കിരീടമാണ് സിറ്റി ഉന്നംവെക്കുന്നത്. ആക്രമണത്തിന് പ്രാധാന്യം നൽകി കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി ഗോളുകൾ അടിച്ചു കൂട്ടി ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ താരത്തിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും.