പരിക്ക് വില്ലനായി, ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നിന്നും രാഹുൽ പുറത്ത്, പകരം നായകനായി റിഷഭ് പന്ത്
പരുക്ക് മൂലം ദക്ഷിണാഫ്രിക്കയുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയിൽ നിന്നും നായകൻ കെഎൽ രാഹുലിനെ ഒഴിവാക്കി ബിസിസിഐ. പകരം നിലവിലെ വൈസ് ക്യാപ്റ്റനായ റിഷഭ് പന്തായിരിക്കും ഇന്ത്യയെ നയിക്കുക. ഹാർദിക് പാണ്ഡ്യയെ ഉപ നായകനായും ടീം ഇന്ത്യ നിയമിച്ചിട്ടുണ്ട്.
രാഹുലിന് പുറമെ സ്പിന്നർ കുൽദീപ് യാദവും പരിക്ക് മൂലം പരമ്പയിൽ ഉണ്ടാവില്ലെന്നും ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്. പരിശീലനത്തിനിടെ വലതു കൈയ്യിലേറ്റ പരിക്കാണ് യാദവിന് തിരിച്ചടിയായത്. ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലായിരുന്നു ദക്ഷിണാഫ്രിക്കയുമായി നടക്കാനിരിക്കുന്ന പരമ്പരയിൽ കെഎൽ രാഹുലിനെ നായകനാക്കുന്നത്.
അഞ്ച് ടി20 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നത്. ജൂൺ ഒമ്പതിന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് പരമ്പര ആരംഭിക്കുന്നത്. ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ നയിച്ച് മുൻപരിചയമുണ്ടെങ്കിലും ഇതാദ്യമായാണ് റിഷഭ് പന്ത് രാജ്യാന്തര തലത്തിൽ ടീം ഇന്ത്യയെ നയിക്കാൻ എത്തുന്നത്.