മൊറീഞ്ഞോയെ മുഖ്യ പരിശീലകനാക്കാൻ നീക്കങ്ങളാരംഭിച്ച് പിഎസ്ജി
മൗറീഷ്യോ പോച്ചെറ്റിനോയെ പുറത്താക്കി പകരം ജോസെ മൊറീഞ്ഞോയെ മുഖ്യ പരിശീലകനാക്കാൻ നീക്കങ്ങളാരംഭിച്ച് പിഎസ്ജി. പോച്ചെറ്റിനോയും പിഎസ്ജിയും തമ്മിലുള്ള കരാർ അവസാനിക്കുന്നത് 2023ൽ ആണെങ്കിലും കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിലെ മോശം പ്രകടനത്തിനെ അടിസ്ഥാനമാക്കി മുൻതാരവും നിലവിലെ പരിശീലകനുമായ പോച്ചെറ്റിനോയെ ഒഴിവാക്കാനാണ് ക്ലബ് ഉടമകൾ തീരുമാനമെടുത്തിരിക്കുന്നത്.
ഇതിനു പകരക്കാരനായാണ് നിലവിൽ ഇറ്റാലിയൻ ടീമായ എഎസ് റോമയുടെ പരിശീലകനെ ക്ലബലെത്തിക്കാൻ പിഎസ്ജി നീക്കങ്ങളാരംഭിച്ചത്. പോയ സീസണിൽ റോമയെ യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ് ട്രോഫിയിലേക്ക് നയിക്കാനും ജോസെ മൊറീഞ്ഞോയ്ക്ക് സാധിച്ചിരുന്നു.
നെയ്മർ, എംബാപ്പെ, മെസി തുടങ്ങിയ താരങ്ങളെ ഒത്തിണക്കത്തോടെ മുന്നോട്ടു കൊണ്ടുപോവാനാവാത്തതാണ് പൊച്ചെറ്റിനോയ്ക്ക് തിരിച്ചടിയായത്. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാവാൻ മൗറീഷ്യോ പോച്ചെറ്റിനോയെ പരിഗണിച്ചിരുന്നെങ്കിലും ക്ലബ് പിന്നീട് അയാക്സിന്റെ കോച്ച് എറിക് ടെൻ ഹാഗിനെ നിയമിക്കുകയായിരുന്നു.