ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടായായി ടീം ഇന്ത്യ മൂന്ന് സന്നാഹ മത്സരങ്ങൾ കളിക്കും
ഇപ്പോൾ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയ്ക്ക് ഒരുങ്ങുന്ന ടീം ഇന്ത്യ ഈ മത്സരങ്ങൾക്കു ശേഷം ജൂൺ 16 ന് ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുമെന്ന് അറിയിച്ച് ബിസിസിഐ.
ഇംഗ്ലണ്ട് പര്യടനത്തിൽ ടീം ഇന്ത്യ മൂന്ന് സന്നാഹ മത്സരങ്ങൾ കളിക്കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. ജൂൺ 24 മുതൽ ലെസ്റ്റർഷെയറിനെതിരായ സന്നാഹ മത്സരത്തോടെയാവും ഇതിന് തുടക്കമാവുക. ഇത് നാല് ദിന മത്സരമായിരിക്കും. തുടർന്ന് ഇംഗ്ലണ്ടിനെതിരായ മൂന്ന് ടി20, ഏകദിന പരമ്പരയ്ക്ക് മുമ്പും ഇന്ത്യ രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കുമെന്നും റിപ്പോർട്ടുണ്ട്.
ജൂലൈ 1, 3 തീയതികളിൽ യഥാക്രമം ഡെർബിഷയറിനും നോർത്താംപ്ടൺഷെയറിനുമെതിരെയാണ് സന്നാഹ മത്സരങ്ങൾ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പര ജൂലൈ ഏഴിനാണ് ആരംഭിക്കുക. ജൂലൈ 12 മുതൽ ഏകദിനം നടക്കാനിരിക്കുകയാണ്. ഏക ടെസ്റ്റ് ജൂലൈ 1 മുതൽ 5 വരെ ബർമിംഗ്ഹാമിൽ നടക്കും. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിനം, ടി20 എന്നിവയ്ക്കുള്ള ടീമുകളെ അടുത്തയാഴ്ച്ച ഇന്ത്യ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.