Cricket IPL IPL-Team Top News

രാജസ്ഥാൻ റോയൽസിന്റെ ഷിമ്രോൺ ഹെറ്റ്‌മെയർ തിരികെയെത്തി, ചെന്നൈയ്ക്കെതിരെ ഇറങ്ങിയേക്കും

May 16, 2022

author:

രാജസ്ഥാൻ റോയൽസിന്റെ ഷിമ്രോൺ ഹെറ്റ്‌മെയർ തിരികെയെത്തി, ചെന്നൈയ്ക്കെതിരെ ഇറങ്ങിയേക്കും

വെസ്റ്റ് ഇൻഡിലേക്ക് മടങ്ങിയ രാജസ്ഥാൻ റോയൽസിന്റെ സ്റ്റൈലിഷ് ബാറ്റ്‌സ്‌മാൻ ഷിമ്രോൺ ഹെറ്റ്‌മെയർ തിരികെ ടീമിനൊപ്പം ചേർന്നു. മെയ് 20 ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നടക്കുന്ന മത്സരത്തിൽ താരത്തിന് കളിക്കാനാവുമെന്നാണ് അനുമാനം. ഹെറ്റ്മെയർ തന്റെ ആദ്യത്തെ കുഞ്ഞിന്റെ ജനനത്തിനെ തുടർന്നായിരുന്നു നാട്ടിലേക്ക് മടങ്ങിയത്.

എന്നാൽ പ്ലേഓഫ് സാധ്യതകൾ ഉള്ളതിനാൽ ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിനായി രാജസ്ഥാൻ റോയൽസിലേക്ക് തിരികെയെത്താൻ താരം തയാറാവുകയായിരുന്നു. ഈ സീസണിന്റെ തുടക്കം മുതൽ ടീമിന്റെ നിർണായക ഘടകമായ വിൻഡീസ് താരം പഞ്ചാബ് കിംഗിസിനെതിരെ 16 പന്തിൽ 31 റൺസെടുത്ത് വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.

മെഗാ ലേലത്തിൽ 8.5 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിൽ എത്തിയ ഹെറ്റ്മെയർ ഈ വർഷം ടീമിന്റെ നട്ടെല്ലായിരുന്നുവെന്നു തന്നെ പറയാം. 11 ഇന്നിംഗ്‌സുകളിൽ ഏഴിലും പുറത്താകാതെ 72.75 ശരാശരിയിൽ 291 റൺസ് അടിച്ചുകൂട്ടിയ വിൻഡീസ് താരം ഫിനിഷർ എന്ന നിലയിലുള്ള തന്റെ പങ്ക് ടീമിന് വളരെ പ്രധാനമാണെന്ന് തെളിയിച്ചു കഴിഞ്ഞു. ആയതിനാൽ ചെന്നൈയ്ക്കെതിരായ മത്സരത്തിന് ഒരുങ്ങുന്ന റോയൽസിന് ഇത് കൂടുതൽ കരുത്താവും.

Leave a comment