വിൻഡീസിന്റെ പുതിയ നായകനായി നിക്കോളാസ് പുരാന്
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കീറോൺ പൊള്ളാർഡ് വിരമിച്ചതിന് പിന്നാലെ വെസ്റ്റ് ഇൻഡീസിന്റെ നായകനായി നിക്കോളാസ് പൂരാനെ നിയമിച്ച് വിൻഡീസ് ക്രിക്കറ്റ് ബോർഡ്. പൊള്ളാര്‍ഡ് ക്യാപ്റ്റനായിരുന്നപ്പോള്‍ ഉപനായകനായിരുന്നു പുരാന്.
പൊള്ളാർഡിന്റെ അഭാവത്തിൽ ടീമിനെ ചില മത്സരങ്ങളിൽ നയിച്ച അനുഭവ സമ്പത്തുമായാണ് നിക്കോളാസ് പൂരാൻ വെസ്റ്റ് ഇൻഡീസിന്റെ നായക സ്ഥാനത്തേക്ക് എത്തുന്നത്. ഈ മാസം അവസാനം നെതര്‍ലന്‍ഡ്സിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലാകും താരം നായകസ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുക.
ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ്, അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് എന്നിവയ്ക്കുള്ള വിന്‍ഡീസ് ടീമിനെയും പുരാന് നയിക്കും. 2016-ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ വളരെ പതിയെയാണ് ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയത്. തകർപ്പൻ ഹിറ്റിങ്ങിന് പേരുകേട്ട പുരാൻ മധ്യ ഓവറുകളിൽ ഇന്നിംഗ്സിന് ബലമാവാൻ കഴിഞ്ഞിട്ടുണ്ട്.