ഐപിഎൽ പ്ലേഓഫ് മത്സരങ്ങൾ ലഖ്നൗവിലും അഹമ്മദാബാദിലും നടക്കാൻ സാധ്യത തെളിയുന്നു
2022 ഐപിഎൽ പ്ലേഓഫ് മത്സരങ്ങൾ ലഖ്നൗവിലും അഹമ്മദാബാദിലും നടക്കാൻ സാധ്യത തെളിയുന്നു. പ്ലേ ഓഫ് മത്സരങ്ങൾ നടത്താനുള്ള ചുമതല പുതിയ വേദികൾക്ക് നൽകാനുള്ള താത്പര്യത്തിന്റെ പുറത്താണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ അഹമ്മദാബാദ് പ്ലേഓഫുകൾക്ക് ആതിഥേയത്വം വഹിക്കുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ലഖ്നൗവിനെയും ബിസിസിഐ തെരഞ്ഞെടുക്കുകയായിരുന്നു. എന്നിരുന്നാലും ഇതിനെ സംബന്ധിച്ച അന്തിമ സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
ആദ്യ ക്വാളിഫയറിനും എലിമിനേറ്ററിനും ലഖ്നൗ ആതിഥേയരായേക്കും. അഹമ്മദാബാദിന് രണ്ടാം ക്വാളിഫയറിന്റെയും ഫൈനലിന്റെയും ഹോസ്റ്റിംഗ് അവകാശം ലഭിക്കും. നിലവിൽ എല്ലാ ലീഗ് മത്സരങ്ങൾക്കും മഹാരാഷ്ട്രയാണ് ആതിഥേയത്വം വഹിക്കുന്നത്. പങ്കെടുക്കുന്ന 10 ടീമുകളെയും രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. മുംബൈ, പൂനെ എന്നീ രണ്ട് നഗരങ്ങളിലായി നാല് വേദികളിലായാണ് ലീഗ് ഘട്ടം നടക്കുന്നത്.