ഡിവോക്ക് ഒറിഗിയെ ടീമിലെത്തിക്കാൻ എസി മിലാൻ
സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന ലിവർപൂൾ സ്ട്രൈക്കർ ഡിവോക്ക് ഒറിഗിയെ ടീമിലെത്തിക്കാൻ നീക്കവുമായി ഇറ്റാലിയൻ വമ്പൻമാരായ എസി മിലാൻ. ഈ സീസണിൽ വേണ്ടത്ര സമയം മൈതാനത്ത് ലഭിക്കാതിരുന്ന താരം ചെമ്പടയുമായുള്ള കരാർ പുതുക്കേണ്ടന്ന് തീരുമാനിക്കുകയായിരുന്നു.
ഈ സീസണിൽ പ്രീമിയർ ലീഗിൽ വെറും അഞ്ച് മത്സരങ്ങളിൽ പകരക്കാരനായി മാത്രമേ ഒറിഗിയെ പരിഗണിച്ചിരുന്നുള്ളൂവെന്നതും താരത്തിന് നിരാശയേകിയിട്ടുണ്ട്. സീരി എ പോയിന്റ് പട്ടികയിൽ നിലവിൽ ഒന്നാമതുള്ള എസി മിലാൻ വരുന്ന സീസണിൽ ടീമിനെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡിവോക്ക് ഒറിഗിയെ എത്തിക്കുന്നത്.
മിലാനും ഡിവോക്ക് ഒറിഗിയും കരാർ സംബന്ധിച്ച ധാരണയിലെത്തിയതായാണ് റിപ്പോർട്ടുകൾ. അടുത്ത സീസണിൽ മിലാൻ യുവാക്കളെയും വിശ്വസനീയവുമായ മുന്നേറ്റ താരങ്ങളെയാണ് തിരയുന്നത്. നിലവിൽ ഫോർവേഡുകളായ സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, ഒലിവിയർ ജിറൂഡ് എന്നിവർക്ക് ഈ വർഷം യഥാക്രമം 41-ഉം 36-ഉം വയസ് തികയുമെന്നതും 26-കാരനായ ബെൽജിയം ഇന്റർനാഷണൽ താരം ഒറിഗിയെ നീണ്ട കാലത്തേക്ക് പരിഗണക്കാൻ കാരണമാവും.