ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ബാബര്‍ അസമിന് മുന്നേറ്റം, ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന് ഐസിസി പുരുഷ ടെസ്റ്റ് റാങ്കിംഗിൽ മുന്നേറ്റം.മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ താരം അഞ്ചാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്.
ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്നെയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബാബറിന്‍റെ മുന്നേറ്റം. ഓസ്‌ട്രേലിയയുടെ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിൽ മനോഹരമായ ഇന്നിംഗ്‌സ് കാഴ്ച്ചവെച്ച റിസ്‌വാനും ഉസ്മാൻ ഖവാജയും റാങ്കിംഗിൽ കുതിച്ചുചാട്ടം നടത്തിയതും ശ്രദ്ധേയമാണ്.
ഡേവിഡ് വാർണറിനൊപ്പം ടേബിളിൽ 11-ാം സ്ഥാനത്താണ് റിസ്‌വാൻ. അതേസമയം ആറ് സ്ഥാനങ്ങൾ മുന്നേറി ഖവാജ 13-ാം സ്ഥാനത്തെത്തി. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തീര്‍ത്തും നിറം മങ്ങിയ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒമ്പതാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ നായകന്‍ രോഹിത് ശര്‍മ ഒരു സ്ഥാനം താഴേക്കിറങ്ങി ഏഴാം സ്ഥാനത്താണ്.
റിഷഭ് പന്ത് പത്താം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ടെസ്റ്റ് റാങ്കിംഗിൽ ഓസീസിന്റെ മാര്‍നസ് ലാബുഷെയ്ന്‍ ഒന്നാമതും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് രണ്ടാമതും ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് മൂന്നാമതുമാണ്.