Cricket cricket worldcup Cricket-International Top News

വനിതാ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

March 22, 2022

author:

വനിതാ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

വനിതാ ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 110 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ടീം ഇന്ത്യ. ആദ്യം ബാറ്റുചെയ്‌ത ഇന്ത്യൻ വനിതകൾ ഉയര്‍ത്തിയ 230 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 119 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ജയത്തോടെ ഇന്ത്യ സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. ജയത്തോടെ പോയന്‍റ് പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസിനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യക്കും വിന്‍ഡീസിനും ആറ് പോയന്‍റ് വീതമാണെങ്കിലും നെറ്റ് റണ്‍റേറ്റിലാണ് ഇന്ത്യ വിന്‍ഡീസിനെ മറികടന്നത്.

കളിയിൽ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് യാസ്ഥിക ഭാട്ടിയയുടെ അർധ സെഞ്ചുറിയും (50) ഷഫാലി വര്‍മയുടെ 42 റൺസ് പ്രകടനവുമാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അതോടൊപ്പം 30 റണ്‍സെടുത്ത പൂജ വസ്ത്രാകറും 27 റണ്‍സ് നേടിയ സ്‌നേഹ് റാണയും 26 റണ്‍സ് നേടിയ റിച്ച ഘോഷും ചെറുത്തുനിന്നതും നീലപ്പടയ്ക്ക് ബാറ്റിംഗിൽ കരുത്തായി.

ബംഗ്ലാദേശിനുവേണ്ടി ഋതു മോണി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നഹിദ അക്തര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി തിളങ്ങി. താരതമ്യേന ചെറിയ സ്കോർ ലക്ഷ്യമാക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ശകുനം അത്ര നന്നായില്ല. 35-5ന് എന്ന നിലയിലേക്ക് വീണ ടീം പിന്നീട് മത്സരത്തിലേക്ക് ഒരിക്കലും തിരിച്ചു വന്നതേയില്ല. ബംഗ്ലാദേശിനായി സൽമ ഖടുൻ (32), ലത മോണ്ടൽ (24), മൂർഷിഡ ഖടുൻ (19) എന്നിവർ മാത്രമാണ് പിടിച്ചുനിന്നത്. ഇന്ത്യക്കായി സ്നേഹ് റാണ നാലു വിക്കറ്റെടുത്തപ്പോള്‍ ജൂലന്‍ ഗോസ്വാമിയും പൂജ വസ്ട്രക്കറും രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.

Leave a comment