അടുത്ത സീസണിൽ ഡിബാല യുവെന്റസിൽ ഉണ്ടാവില്ലെന്ന് സ്ഥിരീകരണം
സീസൺ അവസാനത്തോടെ യുവെന്റസിൽ നിന്നും കൂടുമാറാൻ തയാറായി അർജന്റീനിയൻ സൂപ്പർ താരം പൗലോ ഡിബാ. ജൂണോടുകൂടി അവസാനിക്കുന്ന കരാർ പുതുക്കില്ലെന്ന് സീരി എ ക്ലബ് വ്യക്തമാക്കിയതോടെയാണ് താരത്തിന്റെ ഭാവി അനിശ്ചിത്വത്തിലായിരിക്കുന്നത്.
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഫിയോറെന്റീനയിൽ നിന്നും ദുസൻ വ്ലാഹോവിച്ച് യുവന്റസിൽ എത്തിയതാണ് ഡിബാലയുമായി കരാർ പുതുക്കുന്നില്ലെന്ന തീരുമാനം എടുക്കാൻ കാരണമായതെന്ന് യുവന്റസ് സിഇഓ മൗറീസിയോ അറിവബെനാണ് വ്യക്തമാക്കിയിരിക്കുന്നത്. ഏഴു വർഷത്തോളമായി യുവെന്റസിന്റെ ഭാഗമാണ് ഡിബാല.
ഒക്ടോബറിൽ കരാർ പുതുക്കാനുള്ള ഓഫർ യുവെന്റസ് നൽകിയെങ്കിലും പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി താരം അതു നിരസിച്ചിരുന്നു. 2015ൽ പാർമയിൽ നിന്നും യുവന്റസിലെത്തിയ ഡിബാല ഓൾഡ് ലേഡിയ്ക്കൊപ്പം അഞ്ചു സീരി എ കിരീടങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്.
283 മത്സരങ്ങളിൽ നിന്നും 113 ഗോളുകൾ യുവെന്റസിന് വേണ്ടി നേടിയിട്ടുള്ള ഡിബാല ഈ സീസണിൽ 13 ഗോളുകളാണ് ടീമിനായി സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് സീസണുകളിലായി 28-കാരൻ പരിക്കുകളാൽ വലയുകയായിരുന്നു. ഇനി ഇംഗ്ലീഷ് ക്ലബിലേക്കോ ലാലിഗയിലേക്കോ ചേക്കേറാനാവും താരം ശ്രമിക്കുക.