രക്ഷകനായി ഖവാജയും സ്മിത്തും, മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഓസീസ് ഭേദപ്പെട്ട നിലയിൽ
പാകിസ്ഥാനെതിരായ പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഓസ്ട്രേലിയ പിടിമുറുക്കി. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് എന്ന നിലയിലാണ്. 20 റണ്‍സുമായി കാമറോണ്‍ ഗ്രീനും എട്ടു റണ്‍സുമായി അലക്സ് ക്യാരിയുമാണ് ക്രീസിൽ.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 8-2 എന്ന നിലയിൽ പതറിയപ്പോൾ മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി സ്റ്റീവ് സ്മിത്തും ഉസ്മാൻ ഖവാജയും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 138 റണ്‍സാണ് അടിച്ചുകൂട്ടിയത്. 59 റണ്‍സെടുത്ത സ്മിത്തിനെ നസീം ഷാ വിക്കറ്റിന് മുന്നില്‍ കുടുക്കിപ്പോള് 91 റണ്‍സെടുത്ത ഖവാജയെ സാജിദ് ഖാനാണ് പുറത്താക്കിയത്.
പിന്നാലെ 26 റൺസെടുത്ത ട്രാവിസ് ഹെഡ് കൂടി മടങ്ങിയതോടെ കംഗാരുപ്പട സമ്മർദത്തിലാഴ്ന്നു. എന്നാൽ ഗ്രീനും ക്യാരിയും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ആദ്യ ദിനം അവസാനിപ്പിക്കുകയായിരുന്നു. പാക്കിസ്ഥാനുവേണ്ടി ഷഹീന് അഫ്രീദിയും നസീം ഷായും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സാജിദ് ഖാന് ഒരു വിക്കറ്റെടുത്തു.