തസ്കിൻ അഹമ്മദിനെ കാത്തിരിക്കേണ്ട, താരത്തിന് എൻഒസി നൽകില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്
വരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കാൻ തസ്കിൻ അഹമ്മദിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. നിലവിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ള താരത്തെ വിട്ടുനൽകാൻ ബംഗ്ലാദേശ് തയാറല്ലെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാവുന്നത്.
ഐപിഎല്ലിന്റെ 2022 എഡിഷനിലേക്ക് മാർക്ക് വുഡിന് പകരക്കാരനായി ബംഗ്ലാദേശ് പേസർ തസ്കിൻ അഹമ്മദിനെ ലഖ്നൗ സൂപ്പർ ജയന്റ്സ് ടീമിലെത്തിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് താരത്തിന് എൻഒസി നൽകില്ലെന്ന് വ്യക്തമാക്കികൊണ്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന പര്യടനവും ഇന്ത്യയ്ക്കെതിരായ സീരീസും പോലുള്ള രണ്ട് സുപ്രധാന പരമ്പരകളിൽ ബംഗ്ലാദേശ് പങ്കെടുക്കുന്നതിനാൽ തസ്കിൻ അഹമ്മദിനെ ഐപിഎല്ലിൽ പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്ന കാഴ്ച്ചപ്പാടാണ് ബോർഡിനുള്ളതെന്ന് ബിസിബി ക്രിക്കറ്റ് ഓപ്പറേഷൻ ചെയർമാൻ ജലാൽ യൂനുസ് പറഞ്ഞു.