ഓസ്ട്രേലിയയുടെ സ്പിൻ കൺസൾട്ടന്റായി ഡാനിയൽ വെട്ടോറിയെ നിയമിച്ചു
മുൻ ന്യൂസിലൻഡ് ക്യാപ്റ്റനും ഇതിഹാസ താരവുമായ ഡാനിയൽ വെട്ടോറിയെ ഓസ്ട്രേലിയയുടെ സ്പിൻ കൺസൾട്ടന്റായി നിയമിച്ചു. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ സഹായിക്കാനായി കോച്ചിംഗ് സ്റ്റാഫംഗത്തിലേക്ക് വെട്ടോറിയെ ഉൾപ്പെടുത്തിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ സ്ഥിരീകരിക്കുകയും ചെയ്തു.
ലാഹോറിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഓസീസ് ടീമിന്റെ സ്പിൻ ബോളിംഗ് കൺസൾട്ടന്റായി ഡാനിയൽ വെട്ടോറി പ്രവർത്തിക്കും. ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം മൂന്ന് ഏകദിനങ്ങളും ഒരു ടി20 മത്സരവും ഓസ്ട്രേലിയയും പാകിസ്ഥാനുമായും നടക്കും.
2019 നും 2021 നും ഇടയിൽ ബംഗ്ലാദേശിന്റെ സ്പിൻ ബോളിംഗ് പരിശീലകനായിരുന്നു വെട്ടോറിയുടെ ഏറ്റവും പുതിയ അന്താരാഷ്ട്ര പരിശീലനയുള്ള നിയമനം. 2017 ലെ ഓസ്ട്രേലിയയുടെ ഇന്ത്യ പര്യടനത്തിന് മുമ്പും മുൻതാരം കംഗാരു പടയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് പാകിസ്ഥാനിൽ ജനിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഫവാദ് അഹമ്മദിനെ ടീമിന്റെ കൺസൾട്ടന്റായി ഓസ്ട്രേലിയ നിയമിച്ചിരുന്നു.
തന്റെ അന്താരാഷ്ട്ര കരിയറിൽ 362 ടെസ്റ്റ് വിക്കറ്റുകളും 305 ഏകദിന വിക്കറ്റുകളും 38 ടി20 വിക്കറ്റുകളും വെട്ടോറി നേടിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിലും കരീബിയൻ പ്രീമിയർ ലീഗിലും യഥാക്രമം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ബാർബഡോസ് റോയൽസ് എന്നിവരോടൊപ്പം പ്രവർത്തിച്ച പരിചയവും വെട്ടോറിക്കുണ്ട്.