ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രവി തേജ
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഹൈദരാബാദ് ക്യാപ്റ്റൻ ദ്വാരക രവി തേജ. 16 വർഷത്തെ കരിയറിൽ ഹൈദരാബാദിനും മേഘാലയയ്ക്കും വേണ്ടി കളിച്ച വലംകൈയ്യൻ ബാറ്റ്സ്മാൻ ഇന്ത്യ അണ്ടർ 19, ഇന്ത്യ എ എന്നിവരെ പ്രതിനിധീകരിച്ചിട്ടുണ്ട്.
2006-ൽ കരാദിൽ മഹാരാഷ്ട്രയ്ക്കെതിരെ ഹൈദരാബാദിനായി തേജ തന്റെ രഞ്ജി അരങ്ങേറ്റം കുറിച്ചു. ഈ മത്സരത്തിലെ ഒരേയൊരു ഇന്നിംഗ്സിൽ 84 റൺസ് നേടിയാണ് താരം വരവറിയിച്ചത്. ഈ മാസം ആദ്യം ഗുജറാത്തിനെതിരെ രാജ്കോട്ടിൽ മേഘാലയയ്ക്കായി തേജ തന്റെ അവസാന മത്സരവും കളിച്ചിരുന്നു.
അന്ന് മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ 133 റൺസിടിച്ചു കൂട്ടി മികച്ച പ്രകടനമാണ് രവി തേജ കാഴ്ച്ചവെച്ചതും. 2008 ലെ രഞ്ജി സീസണിന് ശേഷം തേജയെ ഐപിഎൽ ടീമായ ഡെക്കാൻ ചാർജേഴ്സ് ടീമിലെത്തിച്ചിരുന്നു. ഈ വലംകൈയ്യൻ ബാറ്റ്സ്മാൻ 78 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ 41.06 ശരാശരിയിൽ 4722 റൺസ്
നേടാനും താരത്തിനായിട്ടുണ്ട്.
204 റൺസാണ് രവി തേജയുടെ കരിയറിലെ ഉയർന്ന വ്യക്തിഗത സ്കോർ. 12 സെഞ്ചുറികളും 22 അർധസെഞ്ചുറികളും തേജയുടെ പേരിലുണ്ട്. 85 ലിസ്റ്റ് എ മത്സരങ്ങൾ കളിച്ചിട്ടുള്ളതിൽ 2942 റൺസും 89 ടി20 മത്സരങ്ങളിൽ നിന്ന് 1618 റൺസും നേടാനും മുൻ ഹൈരദാബാദ് നായകന് സാധിച്ചിട്ടുണ്ട്.