ബിസിസിഐ വാര്‍ഷിക കരാറിൽ എ പ്ലസ് വിഭാഗത്തിൽ ജഡേജയും അർഹനെന്ന് ആകാശ് ചോപ്ര
ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, പേസർ ജസ്പ്രീത് ബുംറ എന്നിവർക്കൊപ്പം ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും എ പ്ലസ് കരാർ വിഭാഗത്തിൽ ഉൾപ്പെടണമെന്ന് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് വിദഗ്ധനുമായ ആകാശ് ചോപ്ര.
ജഡേജ എന്തുകൊണ്ടും എ പ്ലസ് കരാര്‍ അര്‍ഹിക്കുന്ന കളിക്കാരനാണെന്നാണ് ചോപ്രയുടെ അഭിപ്രായം. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന കളിക്കാരനാണ് അദ്ദേഹമെന്നതിലാണ് തനിക്ക് ഈ അഭിപ്രായമുള്ളതെന്ന് ചോപ്ര വ്യക്തമാക്കി. അടുത്ത വര്‍ഷത്തെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ജഡേജക്ക് പുറമെ കെ എല്‍ രാഹുലിനും റിഷഭ് പന്തിനും എ പ്ലസ് കരാറുകള്‍ നല്‍കണമെന്നും ചോപ്ര പറഞ്ഞു.
ഏറ്റവും കൂടുതല്‍ വാര്‍ഷിക പ്രതിഫലം (പ്രതിവര്‍ഷം ഏഴ് കോടി രൂപ) ലഭിക്കുന്ന എ പ്ലസ് കാറ്റഗറിയില്‍ ഇത്തവണ മാറ്റങ്ങളൊന്നും വരുത്താന്‍ ബിസിസിഐ തയാറായിരുന്നില്ല. ബിസിസിഐക്ക് കേന്ദ്ര കരാറുകളുടെ നാല് വിഭാഗങ്ങളാണുള്ളത്.
ഗ്രേഡ് എ പ്ലസ് വിഭാഗത്തിന് ഏഴ് കോടി രൂപയും ഗ്രേഡ് എ (അഞ്ച് കോടി രൂപ), ഗ്രേഡ് ബി (മൂന്ന് കോടി രൂപ), ഗ്രേഡ് സി (ഐഎൻആർ ഒരു കോടി) എന്നിവയുമാണ് നൽകി വരുന്നത്. ഈ വർഷം മൊത്തം 27 കളിക്കാർക്കാണ് ബോർഡ് കേന്ദ്ര കരാർ നൽകിയിരിക്കുന്നത്.
മോശം ഫോമിനെ തുടർന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് പുറത്താക്കപ്പെട്ട അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, ഇഷാന്ത് ശർമ്മ എന്നിവർക്കൊപ്പം നിരവധി ഇന്ത്യൻ താരങ്ങളെ അവരുടെ ശമ്പളപ്പട്ടികയിൽ നിന്നും തരംതാഴ്ത്തുകയും ചെയ്തിരുന്നു. അതേസമയ രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, കെ എൽ രാഹുൽ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി എന്നിവരെ ഗ്രേഡ് എ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.