പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിനായുള്ള പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്. ശനിയാഴ്ച്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനായി രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തിയാണ് ഓസീസ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ലെഗ് സ്പിന്നർ മിച്ചൽ സ്വെപ്സൺ ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. ആദ്യ ടെസ്റ്റിൽ റാവൽപിണ്ടി പിച്ചിൽ നിറം മങ്ങിയ സമനിലയ്ക്ക് ശേഷം കറാച്ചിയിൽ സ്പിന്നർമാരിലൂടെ മത്സരം പിടിക്കാനാണ് ഓസ്ട്രേലിയ ശ്രമിക്കുന്നത്. 2009-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബ്രൈസ് മക്ഗെയ്നിൻ അരങ്ങേറ്റം കുറിച്ചതിനു ശേഷം ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് കളിക്കുന്ന ആദ്യത്തെ സ്പെഷ്യലിസ്റ്റ് ലെഗ് സ്പിന്നറായി 28-കാരനായ സ്വെപ്സൺ മാറും.
ഇതിഹാസ ഓസ്ട്രേലിയൻ ലെഗ് സ്പിന്നർ ഷെയ്ൻ വോൺ മരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പരിചയസമ്പന്നനായ നഥാൻ ലിയോണിനൊപ്പം ഇരട്ട സ്പിൻ ആക്രമണത്തിൽ ഫാസ്റ്റ് ബോളർ ജോഷ് ഹേസിൽവുഡും മുഖ്യപങ്കുവഹിക്കും.
അതേസമയം മറുവശത്ത് നസീം ഷായ്ക്കും ഇഫ്തിഖർ അഹമ്മദിനും പകരമായി മുൻനിര പേസർ ഹസൻ അലിയെയും ആദ്യ ടെസ്റ്റിൽ പരിക്കേറ്റ് പുറത്തായ ഓൾറൗണ്ടർ ഫഹീം അഷ്റഫിനെയും പാകിസ്ഥാൻ ടീമിലെത്തിച്ചേക്കും.