ഇന്ത്യ, പാകിസ്ഥാൻ അടങ്ങുന്ന ട്വന്റി 20 സൂപ്പർ സീരീസിന് പച്ചക്കൊടിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ
ഇന്ത്യ, പാകിസ്ഥാൻ, ഓസ്ട്രേലിയ എന്നീ ടീമുകൾ ഉൾപ്പെടുന്ന ട്വന്റി 20 സൂപ്പർ സീരീസ് എന്ന റമീസ് രാജയുടെ ആശയത്തിന് ചെറിയ മാറ്റത്തോടെയാണെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ മേധാവി നിക്ക് ഹോക്ലെയുടെ പിന്തുണ.
ഇന്ത്യയും പാകിസ്ഥാനുമായി ഒരു ത്രിരാഷ്ട്ര പരമ്പര നടത്താൻ ഓസ്ട്രേലിയ താത്പ്പര്യപ്പെടുമെന്ന് നിക്ക് ഹോക്ലെ കറാച്ചിയിൽ പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി പറഞ്ഞു. വ്യക്തിപരമായി, എനിക്ക് ട്രൈ-സീരീസ് ആശയം വളരെ ഇഷ്ടമാണെന്നും ഇത് മുൻകാലങ്ങളിൽ നന്നായി പ്രവർത്തിച്ചിട്ടുണ്ടെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
അതിനാൽ പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ തയാറാണെന്നും ആശയത്തെ സ്വാഗതം ചെയ്യുന്നുവെന്നും നിക്ക് ഹോക്ലെ പറഞ്ഞു. ഈ വർഷം ജനുവരിയിൽ പിസിബി ചെയർമാൻ റമീസ് രാജ ഈ ആശയം മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഈ ആശയത്തിനെതിരെ ബിസിസിഐയുടെ ഭാഗത്ത് നിന്ന് ചില എതിർപ്പുകളുണ്ടായിട്ടുണ്ട്.
ഇന്ത്യയും പാക്കിസ്ഥാനും 2012-13 മുതൽ ഉഭയകക്ഷി പരമ്പര കളിച്ചിട്ടില്ലെങ്കിലും ഐസിസി ടൂർണമെന്റുകളിലും ഏഷ്യാ കപ്പിലും നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്.