സ്പോർട്ടിംഗിനെതിരെ ഗോൾരഹിത സമനിലയുമായി സിറ്റി മടങ്ങി, ഇനി അങ്കം ക്വാർട്ടറിൽ
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ രണ്ടാം പാദ പ്രീക്വാർട്ടർ മത്സരത്തിൽ പോർച്ചുഗീസ് ടീമായ സ്പോർട്ടിംഗിനെതിരെ അപ്രതീക്ഷിത സമനിലയുമായി ക്വാർട്ടർ ഫൈനലിൽ കടന്ന് മാഞ്ചസ്റ്റർ സിറ്റി. ആദ്യ പാദത്തിലെ 5-0 എന്ന വലിയ ലീഡിന്റെ കരുത്തുമായി സ്പോർടിങിനെ നേരിടാൻ ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റി ഇന്ന് സമ്മർദ്ദം ഒട്ടുമില്ലാതെ ആണ് കളിച്ചതിന്റെ ഫലമായിരുന്നു ഇന്നത്തെ ഗോൾ രഹിത സമനിലയെന്നു പറയാം.
ഇരുപാദങ്ങളിലുമായി 5-0ന്റെ വലിയ വിജയവുമായാണ് സിറ്റി അവസാന എട്ടിലേക്ക് എത്തുന്നത്. വലിയ ലീഡ് ഉണ്ടായിരുന്നെങ്കിലും മികച്ച നിരയെ തന്നെയാണ് പെപ് ഗ്വാർഡിയോള ഇന്നും കളത്തിൽ ഇറക്കിയത്. എങ്കിലും ഗോൾ മാത്രം അകന്നു നിന്നു. മാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിനെ തകർത്തെറിഞ്ഞ ആത്മവിശ്വാസവുമായാണ് സിറ്റി മൈതാനത്തിറങ്ങിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജീസുസിലൂടെ സിറ്റി ലീഡ് എടുത്തു എങ്കിലും വാർ ഓഫ്സൈഡ് വിളിച്ചു. ഇതിനു ശേഷം കാര്യമായ അവസരങ്ങൾ സിറ്റിക്ക് മെനഞ്ഞെടുക്കാനും സാധിക്കാതെ പോയി. എന്തായാലും ക്വാർട്ടറിൽ കടന്നതിന്റെ സന്തോഷം പ്രീമിയർ ലീഗ് ജേതാക്കൾക്കുണ്ടാകും.