കപിലിന്റെ റെക്കോഡ് മറികടന്ന് അശ്വിൻ, ഇനി കുബ്ലെ മാത്രം മുന്നിൽ
കുറെയേറെ റെക്കോർഡുകൾക്ക് സാക്ഷ്യംവഹിച്ചാണ് ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ഒന്നാം ടെസ്റ്റ് മത്സരം കടന്നുപോയത്. വിരാട് കോലിയുടെ നൂറാം ടെസ്റ്റ് എന്നതിനു പുറമെ താരത്തിന്റെ 8000 ക്ലബിലേക്കുള്ള പ്രവേശനവുമാണ് ആദ്യ ദിനത്തെ പ്രത്യേകത.
എന്നാൽ മത്സരം അവസാനിച്ചപ്പോൾ രവിചന്ദ്ര അശ്വിന്റെ ഒരു നേട്ടമാണ് ശ്രദ്ധേയമാകുന്നത്. അതിൽ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബോളറെന്ന നേട്ടം അശ്വിന് സ്വന്തമാക്കിയിരിക്കുകയാണ്. 434 വിക്കറ്റ് വീഴ്ത്തിയ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ കപില്‍ ദേവിന്റെ റെക്കോഡാണ് അശ്വിന് മറികടന്നത്.
ലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റ് പ്രകടനത്തോടെയാണ് അശ്വിന് ഈ നേട്ടം തന്റെ പേരിൽ കുറിച്ചിരിക്കുന്നത്. 619 വിക്കറ്റുകളുമായി മുന്‍ താരവും പരിശീലകനുമായ അനില്‍ കുംബ്ലെയാണ് അശ്വിന് മുന്നിലുള്ളത്. കൂടാതെ ടെസ്റ്റില്‍ നാനൂറിലേറെ വിക്കറ്റ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബോളര്‍ കൂടിയാണ് ആർ അശ്വിന്.